പത്തനംതിട്ട: അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ നൽകി മരണത്തിലും മാതൃകയായ ആലിൻ ഷെറിൻ എബ്രഹാമിന് കേരളം ഇന്ന് വിടചൊല്ലുന്നു. മല്ലപ്പള്ളി നെടുങ്ങാപ്പള്ളിയിലെ വീട്ടിൽ പൊതുദർശനം ആരംഭിച്ചു. വൈകുന്നേരം 3.30-ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിലേക്ക് വിലാപയാത്രയായി ആലിന്റെ ഭൗതിക ശരീരം എത്തിക്കും. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളായ ആലിൻ ഷെറിൻ, ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. മകളുടെ വിയോഗത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ കാട്ടിയ വലിയ മനസ്സ് അഞ്ചുപേർക്കാണ് ജീവിതത്തിലേക്ക് തിരികെ വരാൻ വഴിയൊരുക്കിയത്.
