തൃശൂർ: കിറ്റ് വിവാദത്തിൽ തൃശൂർ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെതിരേ ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും. നടനും ബിജെപി നേതാവുമായ ദേവന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തി എന്നു കാണിച്ചാണ് പരാതി. കിറ്റുമായി ദേവന് ബന്ധമില്ലെന്നും കിറ്റ് വിവാദം ടി.എൻ. പ്രതാപന്‍റെ പൊറോട്ടുനാടകം ആണെന്ന് മണലൂരിലെ എൻഡിഎ സ്ഥാനാർഥി കെ.കെ. അനീഷ് കുമാർ ആരോപിച്ചു.
‘‘സൂപ്പർ മാർക്കറ്റ് ഉടമ എസ്എൻഡിപി നേതാവാണ്. സാമുദായിക നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ ദേവൻ കാണാൻ എത്തിയത്. സൂപ്പർ മാർക്കറ്റിന്‍റെ ഉടമ അദ്ദേഹത്തിന് വിഷുവിനു കിട്ടിയ ഓർഡർ പ്രകാരം സാധന സാമഗ്രികൾ ഗോഡൗണിൽ തയാറാക്കുകയായിരുന്നു. ബിജെപി കിറ്റ് കൊടുത്തതായി എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോ. ദേവനും കിറ്റും തമ്മിൽ ഒരു ബന്ധവുമില്ല’’ – അനീഷ് കുമാർ പറഞ്ഞു.
