കണ്ണൂര്‍: നിയന്ത്രണം വിട്ട സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകുന്നേരം നാലിനുണ്ടായ അപകടത്തിൽ ചെറുക്കള നാഗത്തിനു സമീപം എം.പി.രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്.
തളിപ്പറമ്പ് ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് നേദ്യ. ശ്രീകണ്ഠാപുരം – തളിപ്പറമ്പ് റോഡിൽ വളക്കൈ പാലത്തിന് സമീപത്തുവച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. മറിഞ്ഞ ബസ് ഉയർത്തിയപ്പോഴാണ് നേദ്യ ബസിനടിയിൽ പെട്ടന്ന് കണ്ടെത്തിയത്.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് 14 പേരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം വിട്ട ബസ് പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം – തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
Leave feedback about this