അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. കരാർ വ്യവസ്ഥകൾ കേരള സർക്കാർ പൂർത്തീകരിച്ചില്ലെന്നും, കരാർ ലംഘിച്ചത് അവരാണെന്നും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ പ്രതികരിക്കുന്നു. ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 130 കോടി രൂപ എഎഫ്എ കേരളത്തിലെ സ്പോൺസറിൽ നിന്ന് വാങ്ങിയെന്നും എന്നിട്ടും കേരളം സന്ദർശിക്കുന്നതിൽ നിന്ന് പിന്മാറി അർജൻറീന ടീം കരാർ ലംഘനം നടത്തിയല്ലോ എന്നുമുള്ള ചോദ്യത്തിന് അങ്ങനെയല്ല, അതൊരിക്കലും ശരിയല്ലെന്നാണ് ലിയാൻഡ്രോ പീറ്റേഴ്സൺ പ്രതികരിച്ചത്. കരാർ ലംഘിച്ചത് കേരള സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ, കരാർ ലംഘിച്ചത് എഎഫ്എ ആണെന്നും ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എ ആവശ്യപ്പെട്ട 130 കോടി രൂപ ജൂൺ ആറിന് തന്നെ കൈമാറിയെന്നും കേരളത്തിലെ സ്പോൺസർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും വരില്ലെന്നടക്കമുള്ള വെല്ലുവിളിയും സ്‌പോൺസർ നടത്തിയിരുന്നു. എന്നാൽ കായിക മന്ത്രി ഇക്കാര്യത്തിൽ മൗനം തുടരുകയായിരുന്നു.
എന്നാൽ ഇപ്പോൾ കായിക മന്ത്രിക്കെതിരെ ലിയാൻഡ്രോ പീറ്റേഴ്സൺ രംഗത്തെത്തിയിരിക്കുകയാണ്. 2024 സെപ്റ്റംബറിലാണ് കായികമന്ത്രി മാഡ്രിഡിൽ ലിയാൻഡ്രോ പീറ്റേഴ്സണുമായാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്. കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Leave feedback about this