കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ അതുല്യ കലാകാരൻ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഡയാലിസിസിനായി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ശ്രീനിവാസനെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആയിരുന്നു തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ നിന്നാണ് ശ്രീനിവാസൻ വിട പറഞ്ഞിരിക്കുന്നത്. 1977-ൽ പിഎ ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. 1984-ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമയ്ക്കായി കഥയെഴുതി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.
കണ്ണൂർ തലശ്ശേരിക്കടുത്ത പാട്യത്ത് ജനിച്ച ശ്രീനിവാസൻ ഇടതുപക്ഷ സഹയാത്രികനായിരുന്നു. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തന രീതികൾക്കെതിരെയുള്ള കടുത്ത വിമർശനങ്ങളിലൂടെയും അദ്ദേഹം കേരളരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു. കൈരളി ചാനലിലെ ‘ചെറിയ ശ്രീനിയും വലിയ ലോകവും’ എന്ന പരിപാടിയിലൂടെയും അദ്ദേഹം ജനഹൃദയങ്ങൾ കീഴടക്കി.
1956 ഏപ്രിൽ 4 ന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ജനനം. കൂത്തുപറമ്പ് മിഡിൽ സ്കൂളിലും കതിരൂർ ഗവണ്മെന്റ് ഹൈസ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളജിലുമാണ് പഠിച്ചത്. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം മദ്രാസിലെ ഫിലിം ചേംബർ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ നേടി.
നാടോടിക്കാറ്റ്, സന്ദേശം, പട്ടണപ്രവേശം, വരവേൽപ്പ്, മിഥുനം, മഴയെത്തും മുൻപേ, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ തുടങ്ങിയ ചിത്രങ്ങൾ ശ്രീനിവാസന്റെ കരിയറിലെ മികച്ച ഏടുകളായിരുന്നു.
അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. മികച്ച കഥ- സന്ദേശം (1991), മികച്ച തിരക്കഥ – മഴയെത്തും മുമ്പേ (1995), മികച്ച ജനപ്രിയ സിനിമ – ചിന്താവിഷ്ടയായ ശ്യാമള (1998), മികച്ച ചിത്രം – വടക്കുനോക്കിയന്ത്രം (1989), ജൂറിയുടെ പ്രത്യേക അവാർഡ് – തകരച്ചെണ്ട (2006) എന്നിവയായിരുന്നു അദ്ദേഹം നേടിയ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്കാരങ്ങൾ.
വിമലയാണ് ഭാര്യ. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.

Leave feedback about this