തിരുവനന്തപുരം:കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒരു സാധാരണ സിനിമാ നടനിൽ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം ഇനിയും താണ്ടിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സമീപകാല വാക്കുകളും പ്രവൃത്തികളും തെളിയിക്കുന്നുവെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മുൻപ് അദ്ദേഹം സിനിമാ നടന്റെ ‘ഹാങ്ങോവറിൽ’ നിന്ന് മുക്തനായിട്ടില്ല എന്നായിരുന്നു വിമർശനമെങ്കിൽ, ഇപ്പോൾ അതിന്റെ അതിരുംകടന്ന് രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.
രാഷ്ട്രീയ എതിരാളികളെ ‘ഊളകൾ’ എന്നതുപോലെയുള്ള പദങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ചേരുന്നതല്ല. ഇത്തരത്തിലുള്ള ഭാഷാപ്രയോഗത്തിലൂടെ അദ്ദേഹം സ്വയം നാണംകെടുക മാത്രമല്ല, താൻ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ യഥാർത്ഥ സംസ്കാരം കൂടിയാണ് ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുന്നത്.
തിരുവനന്തപുരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞത അത്ഭുതകരമാണ്. തിരുവനന്തപുരത്ത് ആകെ ഏഴോ എട്ടോ സീറ്റുകൾ എന്നാണ് അദ്ദേഹം ഒരു വീഡിയോയിൽ പറയുന്നത്. സ്വന്തം ജില്ലയിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്നോ, എത്ര ലോക്സഭാ മണ്ഡലങ്ങളുണ്ടെന്നോ, എന്തിനധികം തിരുവനന്തപുരം കോർപ്പറേഷനിൽ എത്ര വാർഡുകൾ ഉണ്ടെന്ന് പോലുമോ അറിയാത്ത ഒരാൾ ജനങ്ങളെ നയിക്കാൻ വരുന്നത് ലജ്ജാവഹമാണെന്നും അദ്ദേഹം വിമർശിച്ചു.

Leave feedback about this