അടിമാലിയിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത് NHAI-യുടെ അശാസ്ത്രീയ റോഡുപണിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൊച്ചി-ധനുഷ്കൊടി ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട മണ്ണെടുപ്പിനിടെയാണ് ഇടുക്കി ജില്ലയിലെ അടിമാലി കൂമ്പൻപാറ ലക്ഷം വീട് ഉന്നതിയിലുള്ള ബിജുവിന് ജീവൻ നഷ്ടപ്പെട്ടത്. ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് കുടുംബങ്ങൾക്ക് വീടു നഷ്ടപ്പെട്ടിരുന്നു.
ദേശീയപാതയുടെ നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ഭാഗം വീതികൂട്ടുന്ന പ്രവൃത്തിക്കിടെയാണ് ദുരന്തം നടന്നത്. വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കിയാണ് പ്രവർത്തി പുരോഗമിക്കുന്നത്. മഴ പെയ്ത സമയത്തല്ല മണ്ണിടിച്ചിലുണ്ടായതെന്നും അശാസ്ത്രീയ മണ്ണെടുപ്പ് മൂലമാണ് ഇത് സംഭവിച്ചതെന്നുമാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഒരാൾക്ക് ഇറങ്ങാവുന്നത്ര വലിപ്പമുള്ള വിള്ളൽ രൂപപ്പെട്ടിരുന്നതായും മലയുടെ മുകളിൽ രൂപപ്പെട്ട വിള്ളലുകളിൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ വലിയ യന്ത്രങ്ങൾ കയറ്റി ഇടിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Leave feedback about this