മക്കാവു: സൂപ്പർ ടൈഫൂൺ രാഗസ ആഞ്ഞടിച്ച് ദക്ഷിണ ചൈനയിലും ഹോങ്കോങ്ങിലും കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയാണ്. അതേസമയം ചൈനയിലെ മക്കാവു ദ്വീപിലെ തെരുവുകളില്‍ മഴയോടൊപ്പം പെയ്തിറങ്ങിയത് കൂറ്റന്‍ മത്സ്യങ്ങൾ. പല വലുപ്പത്തിലുള്ള മീനുകളാണ് മഴത്തുള്ളികൾക്കൊപ്പം വീണുകൊണ്ടിരുന്നത്. ഭൂരിപക്ഷവും വലുപ്പം കൂടിയവയായിരുന്നു.
രാഗസ ചുഴലിക്കാറ്റിന് ശേഷം മക്കാവു, അക്വേറിയം ആയി മാറിയെന്നാണ് തദ്ദേശവാസികൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. തെരുവുകളിലെ വീടുകൾക്കും കടകൾക്കും മീതെ കൂറ്റന്‍ മീനുകൾ മഴയൊടൊപ്പം പെയ്തിറങ്ങി. മഴ വകവയ്ക്കാതെ തെരുവില്‍ ഇറങ്ങിയ ജനങ്ങൾ മീനുകളെ പിടിക്കാനായി ഓടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അതിശക്തമായി ഒഴുകുന്ന വെള്ളത്തില്‍ നിന്നും മീനുകളെ പിടിക്കാൻ മക്കാവുവിലെ ആളുകൾ മത്സ്യബന്ധന വലകളും പ്ലാസ്റ്റിക് ബാഗുകളുമായി തെരുവിലൂടെ ഓടുന്നതും വീഡിയോയില്‍ കാണാം. ഈ പ്രതിഭാസം മക്കാവുവിൽ മാത്രം ഒതുങ്ങി നിന്നില്ല. തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ഷാങ്‌ഷൗവിൽ നിന്നുള്ള ഒരു വീഡിയോയും ഷാങ്‌ഹായ് ഡെയ്‌ലി പോസ്റ്റ് ചെയ്തു. വേലിയേറ്റം കുറഞ്ഞതിനുശേഷം ബക്കറ്റ് ലോഡിന് സമീപം മുത്തുച്ചിപ്പികൾ ശേഖരിക്കാൻ നിവാസികൾ ഓടുന്നത് വീഡിയോയിൽ കാണാം.
Leave feedback about this