ലോഗിൻ കേരള ഡെസ്ക്
കൊച്ചി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ മാതൃഭൂമി പത്രം നൽകിയ വാർത്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. പത്രത്തിന്റെ ഒന്നാം പേജ് വാർത്തയ്ക്കും ചിത്രത്തിനുമെതിരെ പ്രതികരിച്ചാണ് വി.ശിവൻകുട്ടി രംഗത്തെത്തുന്നത്. കേന്ദ്ര സർക്കാരിന്റെ കപട വാഗ്ദാനവും ദുരിതബാധിതമേഖലിയൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതികളും ഇടപെടലുകളും എണ്ണിപ്പറഞ്ഞാണ് വി. ശിവൻകുട്ടിയുടെ കുറിപ്പ്.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ മാതൃഭൂമി ദിനപത്രത്തിൽ കണ്ട വാർത്ത അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഒരു ദുരന്തത്തിന്റെ ഓർമ്മ ദിനത്തിൽപ്പോലും വസ്തുതകളെ വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്താൻ മാതൃഭൂമി കാണിച്ച നെറികേട് തീർത്തും അപലപനീയമാണെന്നും മന്ത്രി പറയുന്നു. ദുരന്തമുണ്ടായ ഉടൻതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി 2024 ഓഗസ്റ്റ് 10-ന് ചൂരൽമലയിലെത്തിയപ്പോൾ നൽകിയ ഉറപ്പ് “പണം ഒരു പ്രശ്നമല്ല, നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യണം. കേന്ദ്രത്തിൽനിന്ന് കിട്ടേണ്ട എല്ലാ സഹായവും കിട്ടും. പണമില്ലാത്തതിന്റെ പേരിൽ ഒന്നും മുടങ്ങില്ല” എന്നായിരുന്നു.
എന്നാൽ, കേന്ദ്ര സർക്കാർ എത്രമാത്രം ഈ വാക്ക് പാലിച്ചു എന്ന് പരിശോധിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. ദുരന്തം നടന്ന് 153മത്തെ ദിവസമാണ് പ്രതികരണമുണ്ടായത്. കേരളം അപേക്ഷിച്ച 2220 കോടി രൂപയുടെ കാര്യത്തിൽ കേന്ദ്രത്തിന് മിണ്ടാട്ടമില്ലെന്നും വി ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു.
കുറിപ്പിന്റെ പൂർണരൂപം:-
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ മാതൃഭൂമി ദിനപത്രത്തിൽ കണ്ട വാർത്ത അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഒരു ദുരന്തത്തിന്റെ ഓർമ്മ ദിനത്തിൽപ്പോലും വസ്തുതകളെ വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്താൻ മാതൃഭൂമി കാണിച്ച നെറികേട് തീർത്തും അപലപനീയമാണ്.
ദുരന്തമുണ്ടായ ഉടൻതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി 2024 ഓഗസ്റ്റ് 10-ന് ചൂരൽമലയിലെത്തിയപ്പോൾ നൽകിയ ഉറപ്പ് “പണം ഒരു പ്രശ്നമല്ല, നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യണം. കേന്ദ്രത്തിൽനിന്ന് കിട്ടേണ്ട എല്ലാ സഹായവും കിട്ടും. പണമില്ലാത്തതിന്റെ പേരിൽ ഒന്നും മുടങ്ങില്ല” എന്നായിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ എത്രമാത്രം ഈ വാക്ക് പാലിച്ചു എന്ന് നമുക്ക് പരിശോധിക്കാം:
കേന്ദ്ര സർക്കാർ ചെയ്തത്:

- ദുരന്തത്തെ “അതിതീവ്രം” എന്ന് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. അതും ദുരന്തമുണ്ടായി 153-ാം നാൾ!
- പുനർനിർമ്മാണത്തിനായി കേരളം അപേക്ഷിച്ച 2220 കോടി രൂപയുടെ കാര്യത്തിൽ കേന്ദ്രത്തിന് മിണ്ടാട്ടമില്ല.
- ആകെ കിട്ടിയ സഹായധനം “സ്പെഷ്യൽ അസിസ്റ്റന്റ് ഫോർ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് (സാഫി)” സ്കീമിൽപ്പെടുത്തി ലഭിച്ച 529.50 കോടി രൂപയുടെ വായ്പയാണ്! ഇത് സഹായധനമല്ല, വായ്പയാണ്. ഇതിനെതിരെ ഹൈക്കോടതിയുടെ നിശിതവിമർശനവും കേന്ദ്രത്തിന് ഏറ്റുവാങ്ങേണ്ടി വന്നു.
ഇനി, നമ്മുടെ സംസ്ഥാന സർക്കാർ ഈ ദുരന്തത്തിൽപ്പെട്ടവരെ ചേർത്തുപിടിച്ച് എന്താണ് ചെയ്തതെന്ന് നോക്കാം. സമാനതകളില്ലാത്ത ഒരു ദുരന്തത്തെ കേരളം എങ്ങനെ ഒറ്റക്കെട്ടായി അതിജീവിച്ചു എന്നതിന്റെ ഉത്തമ മാതൃകയാണ് മുണ്ടക്കൈ-ചൂരൽമല.
സംസ്ഥാന സർക്കാർ ചെയ്തത്:
- ദുരന്തമുണ്ടായ ഉടൻതന്നെ മികച്ച രീതിയിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും കൈകോർത്തുനിന്നു.
- ഉറ്റവരും ജീവിതവും നഷ്ടപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മാനസിക പിന്തുണയടക്കം എല്ലാ അവശ്യ സൗകര്യങ്ങളും ഒരുക്കി. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ പ്രത്യേക നടപടികൾ സ്വീകരിച്ചു.
- പഴുതുകൾ അടച്ച ദുരിതാശ്വാസ പ്രവർത്തനത്തിനായി ക്യാബിനറ്റ് സബ് കമ്മിറ്റി രണ്ടു മാസത്തോളം വയനാട്ടിൽ നിലയുറപ്പിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
- ദുരന്തമുണ്ടായി ഒരു മാസത്തിനകം താൽക്കാലിക പുനരധിവാസം പൂർത്തിയാക്കി, ഓഗസ്റ്റ് 24-നകം ദുരിതാശ്വാസ ക്യാമ്പിലെ മുഴുവൻ ആളുകളെയും മാറ്റി.
- വാടക വീടുകളിൽ താമസിക്കുന്നവർക്കും ബന്ധുവീടുകളിലേക്ക് മാറിയവർക്കും പ്രതിമാസം 6000 രൂപ വീതം ഈ ജൂലൈ മാസം വരെയും നൽകി വരുന്നു. പുനരധിവാസം സ്ഥിരമാകുന്നതുവരെ ഈ സഹായം തുടരും. 2025 മെയ് വരെ വീട്ടുവാടകയിനത്തിൽ 3,98,10,200 രൂപ ചെലവഴിച്ചു.
- മരണപ്പെട്ടവരുടെ ആശ്രിതർക്ക് 6 ലക്ഷം രൂപ വീതം അനുവദിച്ചു. ഗുരുതരമായി പരിക്കേറ്റവർക്കും വൈകല്യം ബാധിച്ചവർക്കും പ്രത്യേക ധനസഹായം നൽകി.
- തുടർ ചികിത്സാ ചെലവും മാനസികാരോഗ്യ കൗൺസിലിംഗും സർക്കാർ ഏറ്റെടുത്തു.
- ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം 300 രൂപ വീതം (പ്രതിമാസം 9000 രൂപ) 9 മാസത്തേക്ക് നൽകി. ആകെ 9,07,20,000 രൂപ ഇതിനായി ചെലവഴിച്ചു.
- റേഷൻ കാർഡ് മുതൽ പാസ്പോർട്ട് വരെയുള്ള രേഖകൾ തിരികെ ലഭിക്കാൻ സഹായിച്ചു. ആയിരം രൂപയുടെ ഭക്ഷ്യകിറ്റ് ഓരോ മാസവും വിതരണം ചെയ്യുന്നുണ്ട്.
- വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സൗകര്യങ്ങളൊരുക്കി. മേപ്പാടി സ്കൂളിൽ 2 കോടി രൂപ ഉപയോഗിച്ച് സൗകര്യങ്ങൾ സജ്ജമാക്കി. പുതിയൊരു കെട്ടിടം കൂടി ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കാൻ ലക്ഷ്യമിടുന്നു.
- മാതാപിതാക്കൾ നഷ്ടപ്പെട്ട 24 കുട്ടികൾക്ക് 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വിതരണം ചെയ്തു.
- പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന്റെ നിർമ്മാണം നടക്കുന്നു. ഭൂമി ഏറ്റെടുത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ മാതൃകാ ടൗൺഷിപ്പ് സജ്ജമാവുകയാണ്.
- ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് ആവശ്യപ്പെട്ട 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം (ആകെ 16,05,00,000 രൂപ) വിതരണം ചെയ്തു.
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2025 ജൂൺ 25 വരെ ലഭിച്ച 770,76,79,158 രൂപയിൽ നിന്ന് ആകെ 91,73,80,547 രൂപ പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചു. ഭൂമി ഏറ്റെടുക്കലിനും ടൗൺഷിപ്പ് പദ്ധതിക്കുമായി വലിയ തുക ചെലവഴിച്ചു.
ഈ കണക്കുകൾ വ്യക്തമാക്കുന്നത് കേന്ദ്ര സർക്കാർ വാഗ്ദാനങ്ങൾ വെറും വാഗ്ദാനങ്ങൾ മാത്രമായപ്പോൾ, കേരള സർക്കാർ ജനങ്ങൾക്കൊപ്പം നിന്ന് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തി എന്നാണ്. എന്നിട്ടും, മാതൃഭൂമി അവരുടെ സർവേ ഫലത്തിൽ 55.2% പേർ തൃപ്തി രേഖപ്പെടുത്തിയെന്ന് പറഞ്ഞ് വാർത്ത അവസാനിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. മറ്റ് കാറ്റഗറികളെക്കുറിച്ച് ഒരക്ഷരംപോലും പറയാതെ ദുരന്തത്തിൽപ്പെട്ടവരുടെ യഥാർത്ഥ അവസ്ഥ മറച്ചുവെക്കാനാണ് ഈ ശ്രമം.
സത്യം മറച്ചുവെച്ച്, രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ മാധ്യമങ്ങൾ കാണിക്കുന്ന ഈ നെറികേട് പൊതുസമൂഹത്തിന് മനസ്സിലാകും. നമ്മുടെ അതിജീവിതർക്കൊപ്പം സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളുമ്പോൾ, അസത്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ല.
ഉപജീവനസഹായം, വാടക, ചികിത്സാസഹായം, വിദ്യാഭ്യാസം, സമഗ്രമായ പുനരധിവാസം എന്നിങ്ങനെ എല്ലാ മേഖലകളിലും അതിജീവിതർക്ക് കരുത്തേകി സർക്കാർ ഒപ്പമുണ്ട്. സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു. പുനരധിവാസം മികച്ച രീതിയിൽ പൂർത്തീകരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി നമുക്കു മുന്നോട്ടു പോകാം.
പിൻകുറിപ്പ് :- ഒന്നാം പേജിലെ ആ ചിത്രങ്ങൾ നോക്കൂ, അതുമാത്രം മതി മാതൃഭൂമിയുടെ ഗൂഢതന്ത്രം മനസിലാക്കാൻ…!!!
Leave feedback about this