കൊച്ചി: ലുലുമാളിൽ അതിഥിയായി എത്തി മലയാളികളുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടൻ കിലി പോൾ. മലയാള സിനിമയിൽ അഭിനയിക്കാൻ എത്തിയ താരം ലുലുമാളിലേക്ക് എത്തിയതോടെ ആരാധകരുടെ ഒഴുക്കായിരുന്നു. കിലി പോളിനൊപ്പം സെൽഫി പകർത്താനും ഫോട്ടോയെടുക്കാനും നിരവധി പേർ മാളിൽ തടിച്ചു കൂടി. ആരേയും നിരാശപ്പെടുത്താതെ എല്ലാവർക്കുമൊപ്പം ചിത്രമെടുത്തുമാണ് ഉണ്ണിയേട്ടൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന കിലിപോൾ മടങ്ങിയത്. മലയാളികൾ ഏറെ പ്രിയപ്പെട്ടവരാണെന്നും കേരളം ട്രാൻസാനിയ പോലെ തന്നെ തനിക്ക് പ്രിയപ്പെട്ടതാണെന്നും കിലിപോൾ പ്രതികരിച്ചു. ഒപ്പം ലുലുമാളിലേക്ക് തന്നെ കാണാനെത്തിയ പ്രിയപ്പെട്ടവരോട് നന്ദിയും പറഞ്ഞു.

മലയാളം പാട്ട് പാടി സദസിനെ കൈയ്യിലെടുത്തതോടെ പിന്നാലെ ഉണ്ണിയേട്ടന്റെ ഡാൻസ് കാണണമെന്ന ആവശ്യവും ഉയർന്നു, ഇതോടെ മാളിലേക്ക് എത്തിയ മറ്റ് താരങ്ങൾക്കൊപ്പം നൃത്തം ചെയ്തും സദസിനെ കയ്യിലെടുത്താണ് കിലിപോൾ മടങ്ങിയത്. തനിക്ക് ഇഷ്ടപ്പെട്ട കേരള ഭക്ഷണം ബിരിയാണിയാണെന്നും കിലി പോൾ പറഞ്ഞു. ട്രാൻസാനിയൻ വ്ളോഗറായ കിലി പോളിനും സഹോദരിക്കും ഇന്ത്യയിൽ നിരവധി ആരാധകരാണുള്ളത്. ഇന്ത്യൻ സിനിമകളിലെ ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമാണ് കിലി പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി.

സതീഷ് തന്വി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനവും ലുലുമാളിൽ നടന്നു. ഇന്നസെന്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കിലിപോൾ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ അൽത്താഫ് സലിം, അനാർക്കലി മരക്കാർ, ജോമോന് ജ്യോതിര്‍, അനാര്‍ക്കലി മരക്കാര്‍, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരാണ് പ്രധാന താരങ്ങൾ. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറില്‍ എം ശ്രീരാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊഡുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
പടം അടിക്കുറിപ്പ്: ലുലുമാളിലെത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന ടാർസാനിയൻ വ്ളോഗർ കിലിപോൾ.ലുലു മീഡിയ ഇന്ത്യ ഹെഡ് എൻ. ബി സ്വരാജ് സമീപം.
Leave feedback about this