കണ്ണൂർ: ആലക്കോട്ടെ ഉദ്ഘാടന പരിപാടിയിൽ നടി ഹണി റോസിനെ ‘കുന്തീ ദേവി’യോട് ഉപമിച്ചത് കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നിയത് കൊണ്ടാണെന്ന് കോടതിയിൽ ബോബി ചെമ്മണൂർ. നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഈ വാദമുന്നയിച്ചത്.
സന്യാസിനി വേഷമണിഞ്ഞ് പ്രത്യേക രീതിയിലുള്ള ഹെയർ സ്റ്റൈലിലാണ് നടി അന്ന് വന്നത്. നടിയെ താൻ ഉപമിച്ചപ്പോൾ അവർ ചിരിക്കുകയായിരുന്നുവെന്നും ഇതിന്റെ വിഡിയോ ഹാജരാക്കാമെന്നും പ്രതിഭാഗം അറിയിച്ചെങ്കിലും അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയും ദൃശ്യങ്ങൾ കാണേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.
കയറിപ്പിടിച്ചിട്ടില്ലെന്നും കൈ കാണിച്ചപ്പോൾ കൈ പിടിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ബോബി ചെമ്മണൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നടി തന്നെ ഇതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ടെന്നും ഇപ്പോഴും അവ അവിടെ തന്നെയുണ്ടെന്നും ഇതിന്റെ ലിങ്കുകൾ ഹാജരാക്കി പ്രതിഭാഗം വാദിച്ചു. അന്നൊന്നും അപമാനിച്ചതായി തോന്നാത്ത നടിക്ക് പിന്നീട് എപ്പോഴാണ് ഇത് അപമാനമായി തോന്നിയതെന്നും എന്നിട്ടും ദൃശ്യങ്ങൾ ഫേസ്ബുക്കിൽ നിലനിർത്തിയത് എന്തിനെന്നും പ്രതിഭാഗം ചോദിച്ചു.
Leave feedback about this