breaking-news lk-special news

മെ​ഗാനൃത്തപരിപാടി നടത്തിപ്പ്; വേദി നിർമ്മാണത്തില്‍ അടിമുടി സുരക്ഷാ വീഴ്ച; അമിത ലാഭം ലക്ഷ്യമിട്ട് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല; അരങ്ങേറ്റം നടത്തിയത് “മെ​ഗാ തട്ടിപ്പിന്”

മാ തോമസ് വീണ് അപകടം സംഭവിക്കാനിടയാക്കിയ മെ​ഗാ നൃത്തപരിപാടിയിൽ അടിമുടി ദുരൂഹത നിഴലിക്കുകയാണ്. നിക്ഷേപ തട്ടിപ്പുകൾ പോലെ ജനങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും മുതലെടുത്ത് കോടികൾ വാരാനുള്ള ശ്രമമായിരുന്നു മെ​ഗാ നൃത്തപരിപാടിയിലൂടെ മ‍ദം​ഗവിഷൻ മാനേജ്മെന്റ നടത്തിയത്. ഉമാ തോമസ് എം.എൽ.എ വീണതോടെ പരിപാടി കൈവിട്ട് പോകുകയും ചെയ്തു. ‘ഗിന്നസ്’ നൃത്തപരിപാടിയെന്ന പേരിൽ വൻ പണപ്പിരിവാണ് സംഘാടകർ നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.

​ഗിന്നസ് റെക്കോര്‌ഡ് വാ​ഗ്ദാനം ചെയ്ത് കുട്ടികൾ ഉൾപ്പടെ ഉള്ളവരെ പരിപാടിയിലേക്ക് എത്തിച്ചത്. പിന്നാലെ വൻ പണപ്പിരിവും നടത്തി. നടി ദിവ്യ ഉണ്ണി അടക്കമുള്ളവരെ ഉപയോ​ഗിച്ചു കൊണ്ടാണ് പണപ്പിരിവ് നടത്തിയത്. മുടക്കുമുതലോ അധ്വാനമോ കൂടാതെ ഒരു കമ്പനി മറ്റൊരു ഇവന്റ് മാനേജ്മെന്റ് കമ്പനിയെ പണിയേൽപ്പിച്ചു കോടികൾ കൊയ്യുന്ന തന്ത്രമായിരുന്നു ഇവിടെ നടന്നതും. സമാനമായ പരിപാടികൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചില ബിസിനസ് ഗ്രൂപ്പുകളുമായി ചേർന്ന് മൃദംഗ വിഷൻ ആസൂത്രണം ചെയ്തിരുന്നു എന്നും സൂചനയുണ്ട്. കൂടുതൽ ലാഭം ലക്ഷ്യമിട്ടായിരുന്നു മന്ത്രിയടക്കമുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്ത പരിപാടിയായിട്ടും സ്റ്റേജ് നിർമാണത്തിൽ വേണ്ടത്ര സുരക്ഷയൊരുക്കാതിരുന്നത്. അതിന്റെ ദുരന്തഫലം അനുഭവിക്കുന്നതാകട്ടെ, സ്റ്റേജിൽനിന്നു വീണ് ഗുരുതരമായി പരുക്കു പറ്റിയ തൃക്കാക്കര എംഎൽഎ ഉമ തോമസും. സംഘാടകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തതിനു പുറമെ സാമ്പത്തിക തട്ടിപ്പിനും കേസെടുത്തേക്കും.

. മൃദംഗവിഷൻ ഡയറക്ടർ ഉൾപ്പെടെ നാലുപേർക്കെതിരെ പാലാരിവട്ടം പൊലീസ് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തിട്ടുണ്ട്. കലൂർ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് കേസെടുത്തത്. മൃദംഗവിഷൻ ഡയറക്ടർ നിഗോഷ്, ഭാര്യ, സിഇഒ ഷമീർ, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമ എന്നിവർക്കെതിരെയാണ് കേസ്. സാമ്പത്തിക ചൂഷണത്തിൽ നൃത്താധ്യാപകരെയും പ്രതിചേർത്തേക്കും. പണപ്പിരിവു നടത്തിയത് നൃത്താധ്യാപകർ വഴിയാണ് എന്നതിനാലാണിത്. ഇടനിലക്കാർ എന്ന നിലയിലാണ് ഡാൻസ് ടീച്ചർമാർക്കെതിരെ നടപടി എടുക്കുക. കൂടുതൽ പരാതികൾ കിട്ടിയാൽ അതിന് അനുസരിച്ച് കേസെടുത്തേക്കുമെന്നാണു വിവരം.

ഗിന്നസ് റിക്കോർഡ് നേടുന്ന പരിപാടിയില്‍ പങ്കെടുക്കാമെന്നും ഇതിന്റെ സർട്ടിഫിക്കറ്റ് നൽകാമെന്നും വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പു നടത്തി എന്നതാണ് പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുന്നത്. നൃത്തത്തിൽ പങ്കെടുത്ത ഏതാനും കുട്ടികളുടെ മാതാപിതാക്കളിൽനിന്ന് പൊലീസ് മൊഴിയെടുത്തിട്ടുമുണ്ട്. നൃത്തപരിപാടിക്കു നേതൃത്വം നൽകിയ, പരിപാടിയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ നടി ദിവ്യ ഉണ്ണി, പരിപാടിയുമായി സഹകരിച്ച നടൻ സിജോയ് വർഗീസ് ഉൾപ്പെടെയുള്ളവരിൽനിന്നു മൊഴിയെടുക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ദിവ്യ ഉണ്ണിയെ തന്നെയായിരുന്നു നൃത്തപരിപാടിയുടെ മുഖമായി സംഘാടകർ പരിചയപ്പെടുത്തിയതും. പരിപാടിക്കു വേണ്ടി വിദ്യാർഥികളെ സംഘടിപ്പിച്ച നൃത്താധ്യാപകരിൽനിന്നും വിവരങ്ങൾ തേടുന്നുണ്ട്. 3500 രൂപയാണ് റജിസ്ട്രേഷൻ എങ്കിലും മേക്കപ്പ് അടക്കമുള്ള കാര്യങ്ങൾക്കായി 5000 രൂപ വരെ നൃത്ത വിദ്യാർഥികളുടെ മാതാപിതാക്കളിൽനിന്നു വാങ്ങിയവരുമുണ്ട്.

നേരത്തെ മറ്റൊരു നടി ആയിരുന്നു നൃത്തം നയിക്കേണ്ടിയിരുന്നത് എന്നും ഈ സമയത്ത് 2000 രൂപയായിരുന്നു റജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പങ്കെടുക്കുന്നവരിൽനിന്ന് വാങ്ങാൻ തീരുമാനിച്ചിരുന്നത് എന്നും അറിയുന്നു. എന്നാൽ പിന്നീട് ഈ സ്ഥാനത്തേക്ക് ദിവ്യ ഉണ്ണി എത്തുകയായിരുന്നു. ഇതോടെ റജിസ്ട്രേഷൻ ഫീസ് 3500 രൂപയായി ഉയർന്നു. ദിവ്യ ഉണ്ണി നയിക്കുന്നതു കൊണ്ടാണ് ഫീസ് കൂടുന്നത് എന്നാണു പല കുട്ടികളുടെയും മാതാപിതാക്കളോടു പറഞ്ഞത്. ഇതിനു പിന്നാലെയായിരുന്നു കല്യാൺ സിൽക്സിന്റെ പേരിൽ നടത്തിയ കൊള്ളയും. നൃത്തത്തിന് കല്യാൺ സിൽക്സാണ് സാരി നൽകുന്നത് എന്നും ഇതിന് 1600 രൂപ നൽകണമെന്നുമായിരുന്നു പങ്കെടുത്തവരോട് പറഞ്ഞത്. എന്നാൽ സംഘാടകർ ആവശ്യപ്പെട്ടതു പ്രകാരം ഒരു സാരിക്ക് 390 രൂപ നിരക്കിൽ 12,500 സാരികൾ നിർമിച്ചു നൽകുക മാത്രമാണു തങ്ങൾ ചെയ്തത് എന്നു വ്യക്തമാക്കി കല്യാൺ സിൽക്സ് രംഗത്തു വന്നതോടെ സംഘാടകരുടെ കള്ളി പൊളിഞ്ഞു. ഈയിനത്തിൽ മാത്രം 1.4 കോടി രൂപയോളം സംഘാടകർ ലാഭമുണ്ടാക്കി. തങ്ങളുടെ ഉത്പന്നം ഇത്തരമൊരു ചൂഷണത്തിന് ഉപയോഗിച്ചതിൽ കല്യാൺ സിൽക്സ് കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു.

നൃത്ത പരിപാടിയിൽ പങ്കെടുത്തത് 11,600 പേരാണ്. റജിസ്ട്രേഷൻ ഇനത്തിൽ മാത്രം സംഘാടകർക്ക് കിട്ടിയത് 4.60 കോടി രൂപ. വസ്ത്രത്തിൽനിന്നുള്ള ലാഭം 1.4 കോടി രൂപയും ചേർത്താൽ വരുമാനം 6 കോടി രൂപ. ഇതിനു പുറമെയാണ് പരിപാടി കാണാൻ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനുള്ള ടിക്കറ്റുകൾ. ഓൺലൈൻ വഴി എത്രത്തോളം ടിക്കറ്റുകൾ വിറ്റു എന്നതിന്റെ കണക്ക് ഇനിയും ലഭ്യമായിട്ടില്ല. നൃത്തം ചെയ്യാനെത്തിയ കുട്ടികളുടെ മാതാപിതാക്കൾ വരെ 149, 249 രൂപ നിരക്കില്‍ ടിക്കറ്റുകൾ വാങ്ങിയിരുന്നു. സ്റ്റേഡിയത്തിലേക്ക് കുട്ടികളെ എത്തിക്കാൻ ഓരോരുത്തരിൽ നിന്നും ഈടാക്കിയത് 250 രൂപ വീതം. ഇവർക്കൊപ്പം മാതാപിതാക്കളോ മറ്റോ വാഹനത്തിൽ ഉണ്ടെങ്കിൽ അവർക്ക് 350 രൂപ വീതം. ഇത്രയും വലിയ തുകയാണ് വരുമാന ഇനത്തിൽ സംഘാടകർക്കു ലഭിച്ചത്. ഇനി പരിപാടി നടത്തിപ്പിനു സംഘാടകർക്കു വരുന്ന ചെലവ് പ്രധാനമായും സ്റ്റേഡിയത്തിന്റെ വാടകയാണ്. 9 ലക്ഷം രൂപയാണ് സ്റ്റേഡിയം വാടക. ജിഎസ്ടി 1.62 ലക്ഷവും കൂടി ചേർത്താൽ ആകെ വാടക 10.62 ലക്ഷം രൂപ. ഡിപ്പോസിറ്റായി 5 ലക്ഷം രൂപയും നൽകിയിട്ടുണ്ട്. മൃദംഗ വിഷൻ എന്ന കമ്പനി ഒസ്കർ ഇവന്റ് മാനേജ്മെന്റ് എന്ന കമ്പനിക്ക് പരിപാടി സംഘടിപ്പിക്കാനായി നൽകിയ തുകയാണ് മറ്റൊരു ചെലവ്. ഇതെല്ലാം കഴിഞ്ഞാലും കോടികൾ സംഘാടകരുടെ പോക്കറ്റിൽ കിടക്കുകയും ചെയ്യും. ടിക്കറ്റ് വച്ച് ആളെ കയറ്റിയിട്ട് വിനോദ നികുതി ഇനത്തിൽപ്പോലും കൊച്ചി നഗരസഭയ്ക്ക് നയാപൈസ നൽകിയുമില്ല.കൊച്ചി മെട്രോയുടെ സേവനവും തങ്ങളുടെ നേട്ടത്തിനായി സംഘാടകർ ഉപയോഗിച്ചിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video