archive Politics

77-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; വമ്പൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ഡൽഹി: 77-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൂന്നാംതവണയും അധികാരത്തിലേറുമെന്നും മോദി അവകാശപ്പെട്ടു

140 കോടി കുടുംബാംഗങ്ങളെ… എന്ന അഭിസംബോധനയോടെയാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം ആരംഭിച്ചത്. ചെങ്കോട്ടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസനങ്ങള്‍ മോദി എണ്ണിപ്പറഞ്ഞു. തുടര്‍ച്ചയായ ബോംബ് സ്‌ഫോടനങ്ങള്‍ രാജ്യത്ത് പഴങ്കഥയായെന്നും ഭീകരാക്രമണങ്ങളും മാവോയിസ്റ്റ് ഭീഷണിയും കുറഞ്ഞെന്നും മോദി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനകം രാജ്യം ലോകത്തെ മൂന്നാംമത്തെ സാമ്പത്തിക ശക്തിയാകും. എല്ലാ മേഖലകള്‍ക്കും തുല്യപങ്കാളിത്തമുള്ള വികസനമാണ് ലക്ഷ്യം. 2047-ല്‍ നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യ വികസിത രാജ്യമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മോദി. അടുത്തവര്‍ഷം ഓഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍ വച്ച് രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും പുരോഗതിയെ പറ്റിയും കൂടുതല്‍ ആത്മവിശ്വാസത്തോടെ താന്‍ സംസാരിക്കമെന്ന് മോദി അവകാശപ്പെട്ടു.

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന മോദി, രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചു.  സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.