ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ നാല് മരണം. നിരവധി വീടുകൾ ഒഴുകിപ്പോയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ 50 പേരെ കാണാനില്ലെന്ന് ഭരണകൂടത്തിന്റെ അനൗദ്യോഗിക കണക്ക്. അഗ്നിരക്ഷാ സേനയും സംസ്ഥാന ദുരന്തനിവാരണ സേനകളുടേയും കേന്ദ്രസേനകളുടേയും ശ്രമഫലമായുള്ള രക്ഷാപ്രവർത്തനങ്ങൾ തുടങ്ങി. വൻ മേഘവിസ്ഫോടനത്തെ തുടർന്ന് മണ്ണിടിച്ചിലിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും കനത്ത നാശനഷ്ടമാണ് മേഖലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക.
ഉത്തരകാശിയിലെ തരാളി ഗ്രാമത്തിലാണ് അപകടമുണ്ടായത്. കുന്നിടിയുകയും ശക്തമായ ജലപ്രവാഹത്തിലും മണ്ണിടിച്ചിലിലും വീടുകൾ ഒഴുകിപ്പോകുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ആളുകൾ പരിഭ്രാന്തരായി നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നാശത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ഉത്തരകാശി പോലീസ് നദികളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.
Leave feedback about this