loginkerala breaking-news വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: ഭര്‍ത്താവ്‌ കസ്‌റ്റഡിയില്‍
breaking-news

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: ഭര്‍ത്താവ്‌ കസ്‌റ്റഡിയില്‍

പെരുമ്പാവൂര്‍: വീട്ടിലെ പ്രസവത്തിനിടെ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ്‌ കസ്‌റ്റഡിയില്‍. അമ്പലപ്പുഴ വളഞ്ഞവഴി നീര്‍ക്കുന്നം സിറാജ്‌ മന്‍സിലിലെ സിറാജുദ്ദീനെ(38)യാണു മലപ്പുറം പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. കോഡൂര്‍ ചട്ടിപ്പറമ്പില്‍ വാടക വീട്ടിലാണു പ്രസവത്തിനിടെ പെരുമ്പാവൂര്‍ അറയ്‌ക്കപ്പടി സ്വദേശി മോട്ടികൊളനിയില്‍ കൊപ്പറമ്പി വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്ലിയാരുടെ മകള്‍ അസ്‌മ (35) മരണമടഞ്ഞത്‌. ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിനു പെരുമ്പാവൂര്‍ പോലീസ്‌ കേസെടുത്തിരുന്നു. പെരുമ്പാവൂര്‍ പോലീസ്‌ കേസ്‌ കൈമാറിയതോടെയാണു മലപ്പുറം സി.ഐ: പി. വിഷ്‌ണുവിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്‌റ്റഡിയിലെടുത്തത്‌. പ്രതിയെ മണിക്കൂറുകളോളം ചോദ്യംചെയ്‌തതായി പോലീസ്‌ പറഞ്ഞു. സിറാജുദ്ദീന്റെ അറസ്‌റ്റ് ഇന്നു രേഖപ്പെടുത്തും. അമിത രക്‌തസ്രാവമാണ്‌ അസ്‌മയുടെ മരണത്തിലേക്ക്‌ നയിച്ചത്‌ എന്നാണ്‌ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌.


യുവതി മരിക്കാനിടയായ ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ പോലീസ്‌ വീണ്ടും പരിശോധന നടത്തി. യുവതിയുടെ ബന്ധുക്കള്‍ കൈയേറ്റം ചെയ്‌തതിനെത്തുടര്‍ന്നു പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിറാജുദ്ദീനെ ആശുപത്രിയിലെത്തിയാണു മലപ്പുറം പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. കുടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്കെതിരേ ചുമത്തുമെന്നു പോലീസ്‌ പറഞ്ഞു. അമിത രക്‌തസ്രാവത്തെത്തുടര്‍ന്നാണു യുവതി മരിച്ചത്‌. സിറാജുദ്ദീന്‌ ആശുപത്രിയില്‍ പ്രസവിക്കുന്നതില്‍ കടുത്ത എതിര്‍പ്പാണുണ്ടായിരുന്നതെന്നും ഇതിനാലാണ്‌ പ്രസവത്തിന്‌ ആശുപത്രിയില്‍ പോകാതിരുന്നതെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചിനു വൈകിട്ട്‌ ആറോടെയാണ്‌ അസ്‌മ ആണ്‍കുട്ടിക്കു ജന്മമേകിയത്‌.

സിറാജുദ്ദീനും നാലു ചെറിയ മക്കളുമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. പ്രസവത്തിനു പിന്നാലെ അസ്‌മ ശാരീരികാസ്വസ്‌ഥതകള്‍ പ്രകടിപ്പിച്ചു. മൂന്നു മണിക്കൂറോളം ജീവനുവേണ്ടി മല്ലിട്ട യുവതി രാത്രി ഒന്‍പതോടെ മരണമടയുകയായിരുന്നു. മരണവിവരം അയല്‍വാസികളെ അറിയിക്കാതെ മൃതദേഹവുമായി ആംബുലന്‍സില്‍ രാത്രിയില്‍തന്നെ യുവതിയുടെ സ്വദേശമായ പെരുമ്പാവൂരിലേക്കു പോകുകയായിരുന്നു. കഴിഞ്ഞ ആറിനു പുലര്‍ച്ചെ അഞ്ചോടുകൂടി സിറാജുദ്ദീനും നാലു സുഹൃത്തുക്കളും ചേര്‍ന്നാണ്‌ അസ്‌മയുടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടില്‍ എത്തിച്ചത്‌. ഉടനെതന്നെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ്‌ എത്തി തടയുകയായിരുന്നു. തുടര്‍ന്ന്‌ പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ മാറ്റിയ മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നലെ ആറുമണിയോടെ പെരുമാനി മസ്‌ജിദില്‍ സംസ്‌കരിച്ചു.
അസ്‌മയുടെ അഞ്ചാമത്തെ കുട്ടി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്‌. ഇവരുടെ മറ്റു കുട്ടികള്‍ ആലപ്പുഴയിലെ സിറാജുദ്ദീന്റെ മാതാപിതാക്കള്‍ക്കൊപ്പമാണുള്ളത്‌.

Exit mobile version