loginkerala breaking-news വിദ്യാര്‍ത്ഥികളില്‍ സാമ്പത്തിക സാക്ഷരതയുടെ അവബോധമുണര്‍ത്തി മുതുകാടിന്റെ മാജിക്
breaking-news Kerala

വിദ്യാര്‍ത്ഥികളില്‍ സാമ്പത്തിക സാക്ഷരതയുടെ അവബോധമുണര്‍ത്തി മുതുകാടിന്റെ മാജിക്

കൊച്ചി: ഒരൊറ്റ ക്ലിക്കില്‍ സമ്പാദ്യമെല്ലാം അപ്രത്യക്ഷമാകുന്ന ഡിജിറ്റല്‍ കണ്‍കെട്ടില്‍ അകപ്പെടാതിരിക്കാന്‍ മുതുകാടിന്റെ ബോധവത്കരണ ഇന്ദ്രജാല പരിപാടി വിദ്യാര്‍ത്ഥികളില്‍ അറിവും ആവേശവുമുണര്‍ത്തി. സാമ്പത്തിക ഇടപാടുകള്‍ വളരെ സുരക്ഷിതത്വത്തോടെ നിര്‍വഹിക്കേണ്ടതെങ്ങനെയെന്നും തട്ടിപ്പുകളെ തിരിച്ചറിയാനും അവയെ എങ്ങനെ പ്രതിരോധിക്കണമെന്നും മുതുകാട് ട്രിക്‌സ് ആന്റ് ട്രൂത്ത് എന്ന ഇന്ദ്രജാല പരിപാടിയിലൂടെ അവതരിപ്പിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ കൗതുകമായി. യുവജനങ്ങളില്‍ സാമ്പത്തിക സാക്ഷരത ഉറപ്പുവരുത്തുവാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ഇന്നലെ (വ്യാഴം) വടുതല ഡോൺ ബോസ്കോ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സോദ്ദേശ ജാലവിദ്യ അരങ്ങേറിയത്. ആര്‍.ബി.ഐയുടെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്റ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി അരങ്ങേറിയത്.

പരിപാടി ആര്‍.ബി.ഐ, കൊച്ചി ഓഫീസർ ഇൻ ചാർജ് ശ്രീ ടി വി റാവു ഉദ്ഘാടനം ചെയ്തു. സാമ്പത്തിക അവബോധമുള്ള ഒരു സമൂഹം സൃഷ്ടി ക്കുവാനുള്ള ആർബിഐയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് യുവതലമുറയിലേക്ക് സാമ്പത്തിക സാക്ഷരത പ്രചരിപ്പിക്കാനായി മാജിക് ഒരു മാധ്യമമായി എടുത്തു കൊണ്ട് ഇത്തരം പരിപാടികൾ ആർബിഐ സംഘടിപ്പിക്കുന്നത്. മാജിക്കിലൂടെ പ്രചരിപ്പിക്കുന്ന സാമ്പത്തിക സാക്ഷരത സന്ദേശങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പകർത്താനും മറ്റുവരിലേക്കും എത്തിക്കുവാനും തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ചടങ്ങില്‍ മുതുകാടിനെ മെമെന്റോ നല്‍കി ആദരിച്ചു.ആർബിഐ FIDD,DGM K B ശ്രീകുമാർ സ്വാഗതം ആശംസിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഫാദർ.കുരിയാക്കോസ് ശാസ്തംകാല, റെക്ടർ ആൻഡ് മാനേജർ ഫാദർ ഷിബു ഡേവിസ് പാറപള്ളിൽ എന്നിവർ സംബന്ധിച്ചു.

Exit mobile version