ന്യൂഡൽഹി: രാജ്യത്ത് മൊബൈല്‍ ആപ് ഉപയോഗിച്ചുള്ള വോട്ടിനും തിരഞ്ഞെടുപ്പ് കമീഷന്‍ തുടക്കം കുറിച്ചു. അടുത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ആറ് നഗര പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിലും നഗരപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിലുമാണ് മൊബൈലിലൂടെ വോട്ടുചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് അവസരം കൊടുത്തത്. മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് പോളിങ് ബൂത്തില്‍ പോകാതെ സ്വന്തം മൊബൈലില്‍ ആപ് ഡൗണ്‍ ലോഡ് ചെയ്ത് വീട്ടിലിരുന്ന് വോട്ടുചെയ്യാന്‍ അവസരം നല്‍കിയത്. ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ പക്രിദയാല്‍ പ്രദേശത്തെ ബിഭ കുമാരിയാണ് രാജ്യത്ത് ആദ്യമായി മൊബൈലിലൂടെ വോട്ട് ചെയ്തത്. വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത മൊബൈല്‍ നമ്പറില്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിച്ച കമീഷന്‍ ഇ വോട്ടുകളില്‍ കൃത്രിമം നടക്കില്ലെന്ന് അവകാശപ്പെട്ടു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ വോട്ട് അനുവദിക്കുമോ എന്ന് കമീഷന്‍ വ്യക്തമാക്കിയിട്ടില്ല. സി-ഡാക് ആണ് ആപ് വികസിപ്പിച്ചത്.
രാജ്യത്ത് മൊബൈല്‍ ആപ് ഉപയോഗിച്ചുള്ള വോട്ടിങ്ങിന് തുടക്കം
