കൊച്ചി: വിജയനില്ലാതെ ആദ്യ വിദേശയാത്രയ്ക്കൊരുങ്ങുകയാണ് മോഹന. കടവന്ത്ര ഗാന്ധിനഗര്‍ ശ്രീ ബാലാജി കോഫി ഹൗസില്‍നിന്ന് ലോകസഞ്ചാരത്തിനിറങ്ങി പ്രശസ്തരായ കെ ആര്‍ വിജയന്‍-മോഹന ദമ്പതികള്‍ യാത്രയിലൂടെയാണ് ശ്രദ്ധനേടിയത്. എന്നാല്‍ വിജയന്റെ മരണത്തോടെ മോഹന ഒറ്റക്കായെങ്കിലും യാത്രകള്‍ അവസാനിക്കുന്നില്ല. ഇന്ന് വിജയനില്ലാതെ ആദ്യ ജപ്പാന്‍ യാത്രയ്‌ക്കൊരുങ്ങുകയാണ് മോഹന. ചായക്കടയിലെ വരുമാനമായിരുന്നു യാത്രയ്ക്ക് ഉപയോഗിച്ചത്. 2021ലെ റഷ്യ യാത്രയ്ക്കുശേഷം വിജയന്‍ ഹൃദയാഘാതംമൂലം മരിച്ചു. അതിനുശേഷം ഇപ്പോഴാണ് യാത്രയ്ക്ക് അവസരമൊരുങ്ങുന്നത്.
ബാലാജി കോഫി ഹൗസിന് അവധി നല്‍കി മാര്‍ച്ച് 22ന് മോഹന ജപ്പാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇക്കുറി കൂട്ടിന് മകള്‍ ഉഷയും മരുമകന്‍ മുരളീധര പൈയും മക്കളായ അമൃതയും മഞ്ജുനാഥുമുണ്ട്. ഏപ്രില്‍ ഏഴിന് മടങ്ങിയെത്തും. 16 വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവുമൊത്ത് മോഹന 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. രണ്ടുവര്‍ഷം കൂടുമ്പോള്‍ വിദേശസഞ്ചാരത്തിന് പോകുന്നത് പതിവാക്കി. ഭര്‍ത്താവ് മരിക്കുന്നതിനുമുമ്പേ ജപ്പാന്‍ യാത്രയ്ക്കുള്ള പണം കടയിലെ വരുമാനത്തില്‍നിന്ന് മിച്ചംപിടിച്ച് തുടങ്ങിയിരുന്നു. വിജയന് 50 രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്നായിരുന്നു ആഗ്രഹം. മോഹനയുടെ 27-ാമത്തെ വിദേശയാത്രയില്‍ മകള്‍ കൂടെയുണ്ട് എന്ന സന്തോഷത്തിലാണ് മോഹന. 2007ലാണ് ഇരുവരും ചേര്‍ന്ന് വിദേശപര്യടനം ആരംഭിക്കുന്നത്.