loginkerala breaking-news മഴക്കെടുതിയിൽ ഉത്തരേന്ത്യ: ഹിമാചലിൽ മരണം 78 ആയി; 40ലേറെപ്പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു
breaking-news

മഴക്കെടുതിയിൽ ഉത്തരേന്ത്യ: ഹിമാചലിൽ മരണം 78 ആയി; 40ലേറെപ്പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡൽഹി/ഷിംല: കനത്ത മഴക്കെടുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. മിന്നൽപ്രളയത്തിലും മേഘവിസ്ഫോടനത്തിലും മണ്ണിടിചിലിലും ഹിമാചൽ പ്രദേശിൽ ഇതുവരെ 78 പേർ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. 40ലേറെപ്പേരെ കാണാതായി. പ്രതികൂകല കാലാവസ്ഥയിലും ദുരന്തനിവാരണസേന രക്ഷാപ്രവർത്തനം തുടരുകയാണ്. ഹിമാചലിൽ ഇതുവരെ 23 മിന്നൽപ്രളയവും 19 മേഘവിസ്ഫോടനവും 16 ഇടത്ത് മണ്ണിടിച്ചിലും ഉണ്ടായെന്നാണ് റിപ്പോർട്ട്.

ഹിമാചൽ പ്രദേശ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരുംമണിക്കൂറുകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നിരവധി ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ഹിമാചലിലെ കാംഗ്ര, സിർമൗർ, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചമ്പ, കാംഗ്ര, മാണ്ഡി, ഷിംല, സിർമൗർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കസാധ്യത കുറവാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഉന, ബിലാസ്പുർ, ഹാമിർപുർ, ചമ്പ, സോളൻ, ഷിംല, കുളു ജില്ലകളിലും ശക്തമായ മഴപെയ്യും. ചന്പ ജില്ലയിൽ മേഘവിസ്ഫോടനമുണ്ടായി. എന്നാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ഹിമാചലിൽ കോടികളുടെ നാശമാണു സംഭവിച്ചിട്ടുള്ളത്.

ഇന്നുരാവിലെ ഡൽഹിയിലും സമീപ മേഖലകളിലും തുടർച്ചയായി മഴ പെയ്തു. വരുംമണിക്കൂറുകളിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഡൽഹി, ഗുഡ്ഗാവ്, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ അതിശക്തമായ കാറ്റും മിന്നലുമുണ്ടായി. ഡൽഹി-എൻസിആറിൽ കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബ്, ജമ്മു കാഷ്മീർ, ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

Exit mobile version