കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിലെ മൃതസംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അപ്രഖ്യാപിത വിലക്കുൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സഭാ തലവന്റെയും മെത്രാപ്പോലീത്തൻ വികാരിയുടെയും തീരുമാനം അപലപനീയവും മനുഷ്യത്വരഹിതവുമാണെന്ന് വൺ ചര്‍ച്ച് വൺ കുർബാന മൂവ്മെൻറ് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ ദിവസം അങ്കമാലിക്കടുത്ത് കറുകുറ്റിയിൽ കർദിനാളിന് ഏറെ അടുപ്പമുള്ള കുടുംബത്തിലെ സംസ്കാര ചടങ്ങിൽ മാർ ജോർജ് ആലഞ്ചേരി എത്താതിരുന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അതിരൂപതയിലെ മുൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർമാരായ മാർ ആൻഡ്രൂസ് താഴത്തിനും മാർ ബോസ്കോ പുത്തൂരിനും ഇതേ വിലക്കുണ്ട്. സഭ വിരുദ്ധരായ വൈദീകരുടെയും അൽമായ നേതാക്കളുടെയും നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന മാർ റാഫേൽ തട്ടിലും ജോസഫ് പാംപ്ലാനിയും സഭാസ്ഥാനങ്ങളിൽ തുടരാൻ യോഗ്യരല്ലെന്ന് ഇതിലൂടെ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് മത്തായി മുതിരേന്തി, ജോസഫ് പി. എബ്രഹാം, വിത്സൻ വടക്കുഞ്ചേരി, ടെൻസൻ പുളിക്കൽ, ക്യാപ്റ്റൻ ടോം ജോസഫ്, ആൻ്റണി പുതുശ്ശേരി, കുരിയാക്കോസ് പഴയമഠം എന്നിവർ പറഞ്ഞു.