ന്യൂഡല്‍ഹി: സംസ്ഥാന സ്‌കൂള്‍ സര്‍വീസ് കമ്മീഷനില്‍ നിന്ന് 25,000 ത്തോളം വരുന്ന അധ്യാപക-അനധ്യാപക ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ മമതാബാനര്‍ജിക്ക് ആശ്വാസവുമായി സുപ്രീംകോടതി. നിയമനത്തിനായി ബംഗാള്‍ സര്‍ക്കാര്‍ അധിക തസ്തികകള്‍ സൃഷ്ടിച്ച് അഴിമതി കാട്ടിയെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
നേരത്തേ കൊല്‍ക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നെങ്കിലും മന്ത്രിസഭാ തീരുമാനങ്ങള്‍ അന്വേഷിക്കുന്നതില്‍ നിന്ന് കോടതികള്‍ക്ക് വിലക്കുണ്ടെന്നും അതിനാല്‍ ഉത്തരവ് തെറ്റാണെന്നും ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി. ആ ഹൈക്കോടതി ഉത്തരവിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു.