lk-special Politics

ബി.ജെ.പി നേതൃത്വത്തിലേക്ക് സുരേഷ് ​ഗോപിയെത്തുമോ എന്ന് തിങ്കളാഴ്ച അറിയാം; കേരള ബി ജെ.പിയിൽ ചേരിപ്പോര് തുടരുന്നതിനിടയിൽ സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പ് ; സുരേന്ദ്രൻ തുടരുമോ എന്നത് സസ്പെൻസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിയിൽ ഭരണപോര് മുറുകന്നതിനിടയിൽ സംസ്ഥാന അധ്യക്ഷനെ തിര‍ഞ്ഞെടുക്കാനുള്ള ഊഴത്തിലേക്ക് പാർട്ടി. കേരളത്തിൽ സംസ്ഥാന അധ്യക്ഷ പദവി അലങ്കരിക്കുന്ന കെ.സുരേന്ദ്രൻ മാറി പുതിയ അധ്യക്ഷനെത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.
സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക ഞായറാഴ്ച സമർപ്പിക്കും. തിങ്കളാഴ്ച പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും.കേന്ദ്ര ഭരണാധികാരി പ്രഹ്ലാദ് ജോഷി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. നിലവിൽ കേരളത്തിൽ ബി.ജെ.പിയിൽ നേരിട്ട പൊട്ടിത്തെറികൾ കേന്ദ്രം നിരീക്ഷിച്ച് വരികയായിരുന്നു. ബി.ജെ.പിയുടെ ശക്തനായ വക്താവായ സന്ദീപ് വാര്യർ അടക്കമുള്ളവർ പ്രവർത്തനം മടുത്ത് കോൺ​ഗ്രസിലേക്ക് കൂടുമാറിയതിൽ സംസ്ഥാന അധ്യക്ഷനോടുള്ള പരസ്യ യുദ്ധമെന്നായിരുന്നു ആക്ഷേപം. പാലക്കാട് അടക്കമുള്ള ഉപതിരഞ്ഞെടുപ്പ് വേളയിലാണ് സന്ദീപ് വാര്യരുടെ കൂട് മാറ്റമുണ്ടായത്. ഇത് പാലക്കാട് ബി.ജെ.പി സ്ഥാനാർത്ഥിയേയും വോട്ടിനേയും ബാധിക്കുകയും ചെയ്തിരുന്നു.

കൊടകര കുഴൽപ്പണക്കേസ് ഉൾപ്പടെ രാഷ്ട്രീയ ആരോപണങ്ങളും മഞ്ചേരി തിരഞ്ഞെടുപ്പിലെ കോഴ വിവാദവുമടക്കം നേരിട്ട കെ സുരേന്ദ്രൻ പക്ഷേ പാർട്ടിയിൽ അജയ്യനായി തന്നെ തുടരുകയാണ്. പി.കെ കൃഷ്ണദാസ് അടക്കമുള്ള ബി.ജെ.പിയുടെ ഒരു വിഭാ​ഗവും സംസ്ഥാന അധ്യക്ഷ നുമായി നല്ല രീതിയ്ക്കല്ല പ്രവര്ത്തിച്ച് പോകുന്നതെന്ന വിമർശനവും ഉയർന്നിരുന്നു. കൊടകരക്കേസ് അന്വേഷണ പരിധിയിൽ നിൽക്കുമ്പോൾ തന്നെ സംസ്ഥാന അധ്യക്ഷനിൽ മാറ്റം വരുമോ എന്നതാണ് പ്രസക്തമായ ചോദ്യം. തൃശൂർ നേടിയെടുത്ത സുരേഷ് ​​ഗോപി കേരളത്തിൽ നിന്നുള്ള ജനകീയനായ നേതാവാണ്. അതിനാൽ തന്നെ സംസ്ഥാന അധ്യക്ഷന്റെ നാമനിർദേശ പട്ടികയിലേക്ക് ആദ്യം തന്നെ ഉയർന്നു വന്ന പേര് സുരേഷ് ​ഗോപിയുടേതായിരുന്നു, എന്നാൽ തൃശൂരിൽ നിന്ന് മത്സരിച്ച് എം.പിയും കേന്ദ്രസഹമന്ത്രിയും ആയതോടെ അധ്യക്ഷ സ്ഥാനം സുരേഷ് ​ഗോപിക്ക് ലഭിച്ചാലും ഏറ്റെടുക്കുമോ എന്നതും ചോദ്യമാണ്. നേതൃത്വം പറഞ്ഞാൽ സംസ്ഥാന അധ്യക്ഷ സ്ഥാനം താൻ ഏറ്റെടുക്കുമെന്നായിരുന്നു മുൻപ് സുരേഷ് ​ഗോപി വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇത് ബി.ജെ.പിയിൽ തുടരുന്ന ഭിന്നതയുടെ സാഹചര്യത്തിൽ നടക്കുമോ എന്നതാണ് ചോദ്യം.

അടുത്ത അധ്യക്ഷനാര് എന്ന തീരുമാനം കേന്ദ്ര നേതൃത്വത്തിന് മാത്രം അറിയാവുന്ന രഹസ്യമായി അതുതുടരുകയാണ്. ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുകയും വിവിധ തലത്തിലുള്ള കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്ത സാഹചര്യത്തിലാണിത്. തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടത്തേണ്ടതിനാല്‍ സംസ്ഥാന അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വരെ സുരേന്ദ്രന്‍ തുടരുമോ പുതിയ അധ്യക്ഷന്‍ വരുമോയെന്ന് ഉടൻ തന്നെ അറിയാമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള സൂചനകള്‍.കെ. സുരേന്ദ്രന് പുറമെ ഗുജറാത്തില്‍ സി.ആര്‍. പാട്ടീല്‍ മധ്യപ്രദേശില്‍ വി.ഡി.ശര്‍മ, മിസോറമില്‍ വന്‍ലാല്‍ മുവാക്ക എന്നിവരാണ് അഞ്ചുവര്‍ഷത്തിലേറെയായി സംസ്ഥാന അധ്യക്ഷപദവിയില്‍ തുടരുന്നത്. തമിഴ് നാട്ടില്‍ കെ. അണ്ണാമലൈ നാലാംവര്‍ഷത്തിലേക്ക് കടക്കുകയാണ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video