loginkerala breaking-news കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന
breaking-news Kerala

കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന

തിരുവനന്തപുരം | കൊച്ചിക്കടുത്ത് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലെ രാജ്യാന്തര കപ്പല്‍ ചാലില്‍ ചരക്ക് കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എം എസ് സി എല്‍സ 3 കപ്പല്‍ അപകടത്തില്‍പ്പെട്ട് അപകടകരമായ വസ്തുക്കളടങ്ങിയ നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു. ഇത് സംസ്ഥാനത്തിൻ്റെ വിവിധ തീരത്തടിയുന്നതിനാൽ സുരക്ഷിതമായി കരക്കുകയറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് സർക്കാർ നടപടി.

സാമ്പത്തിക- പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. മറിഞ്ഞ കപ്പലിലെ എണ്ണ കടലിൽ കലരുന്നത് തടയാൻ വിവിധ വകുപ്പുകളുമായി സഹകരിച്ച് സർക്കാർ നടത്തിയ പ്രയത്നം വിജയിച്ചിരുന്നു.

ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാനുള്ള പൊടി എണ്ണപ്പാടക്ക് മേല്‍ തളിച്ചായിരുന്നു പ്രതിരോധം. എണ്ണപ്പാട എവിടെ വേണമെങ്കിലുമെത്താമെന്നതിനാല്‍ കേരള തീരത്ത് പൂര്‍ണമായും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കപ്പല്‍ മുങ്ങിയ ഭാഗത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് ഇന്നലെ വരെ മത്സ്യ ബന്ധനത്തിനും വിലക്കുണ്ടായി. കണ്ടെയ്നറുകള്‍ കരയില്‍ സുരക്ഷിതമായി മാറ്റാന്‍ രണ്ട് ടീമുകളെ വിന്യസിച്ചാണ് പ്രവർത്തനം പുരോഗമിക്കുന്നത്. രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് സർക്കാറിന്  വൻ സാമ്പത്തിക ബാധ്യതയാണുണ്ടായത്.

Exit mobile version