കോട്ടയം: പുതുപള്ളിയില്‍ വികസനം പിന്നോട്ടായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ഇക്കാര്യം എല്ലാവര്ക്കും അറിയാവുന്നതാണെന്നും ജയരാജന് പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുണ്ടായ മാസപ്പടി വിവാദം അടിസ്ഥാന രഹിതമെന്നും ജയരാജന് കോട്ടയത്ത് പറഞ്ഞു.
പുതുപ്പള്ളിയിലെ വികസനം പിന്നോട്ടാണെന്നും അത് പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമല്ലെന്നും ഇപി ജയരാജന് പ്രതികരിച്ചു. ജനങ്ങള്‍ എല്ലാം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയമായി നേരിടുവാന്‍ ഒന്നുമില്ലാത്തവര്‍ സഹതാപം ഉയര്‍ത്തിയാല്‍ രക്ഷപ്പെടില്ലെന്നും പുതുപ്പള്ളിയില്‍ സഹതാപ തരംഗം യുഡിഎഫിന് ഗുണം ആകുമോ എന്ന ചോദ്യത്തിന് മറുപടിയായി ജയരാജന് പ്രതികരിച്ചു. പുതുപ്പള്ളി എല്‍ഡിഎഫ് പിടിച്ചടക്കും എന്നും ജയരാജന് പറഞ്ഞു.
പുതുപ്പള്ളിയിൽ ജെയ്കിന് ലഭിക്കുന്നത് മികച്ച പിന്തുണയും അംഗീകാരവുമാണെന്നും ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. പുതുപ്പള്ളിയിലേത് രാഷ്ട്രീയ തെരഞ്ഞെടുപ്പെന്നും ഇ പി ജയരാജന് പറഞ്ഞു. ജെയ്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.