തിരുവനന്തപുരം: പാറശാലയിൽ ആൺസുഹൃത്തായ ഷാരോൺരാജിനെ കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എ എം ബഷീറാണ് വിധിപ്രസ്താവിച്ചത്. ശിക്ഷാവിധി ശനിയാഴ്ച. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി വെറുതെവിട്ടു. എന്നാൽ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരൻ നായർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഗ്രീഷ്മയുടെ അമ്മയെയും ശിക്ഷിക്കണമെന്ന് ഷാരോൺ രാജിൻ്റെ കുടുംബം. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയും കുറ്റക്കാരിയാണ്. അവരെ വെറുതെവിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിക്കും. നാളത്തെ വിധി കേട്ടതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഷാരോണിൻ്റെ അച്ഛനും അമ്മയും ചേർന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2022 ലാണ് സംഭവം. കാമുകനായ മുര്യങ്കര ജെ പി ഹൗസിൽ ജെ പി ഷാരോൺ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്ന കേസിൽ പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതാണു കൊലപാതകത്തിനു കാരണമെന്നാണ് കേസ്.സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് സിന്ധു ഒത്താശ ചെയ്തു കൊടുത്തെന്നും കീടനാശിനി ഗ്രീഷ്മയ്ക്ക് വാങ്ങി നൽകിയത് നിർമല കുമാരൻ നായരാണ് എന്നും പൊലീസ് കണ്ടെത്തിയിരുന്നു.