കൊച്ചി ∙ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച ക ബോബി ചെമ്മണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ്. ദ്വയാർഥ പ്രയോഗങ്ങളാണ് ബോബി നടത്തിയത്. ബോബി പറഞ്ഞ കാര്യങ്ങൾ വായിച്ചാൽ ഏതു മലയാളിക്കും അതിലെ ദ്വയാർഥം മനസ്സിലാകും. കുറ്റം നിലനിൽക്കില്ലെന്ന പ്രതിയുടെ അഭിഭാഷകന്റെ വാദം സ്വീകാര്യമല്ലെന്നും ജാമ്യ ഉത്തരവിൽ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറു ദിവസമായി കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന ബോബി ചെമ്മണൂർ, ജാമ്യ ഉത്തരവ് പുറത്തുവന്നതോടെ ഇന്നു തന്നെ പുറത്തിറങ്ങിയേക്കും.
ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളേ ചുമത്തപ്പെടുന്നുള്ളൂ എങ്കിൽ മതിയായ കാരണങ്ങൾ ഇല്ലെങ്കിൽ അറസ്റ്റ് ഒഴിവാക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത് മൂന്നു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ്. ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കുന്നു.
‘‘ഒരു സ്ത്രീയെ അവരുടെ ബാഹ്യരൂപത്തിന്റെ (appearence) അടിസ്ഥാനത്തിൽ വിലയിരുത്തുന്നെങ്കിൽ അതു അവരെയല്ല നിർവചിക്കുക, മറിച്ച് നിങ്ങളെത്തന്നെയാണ്’ എന്ന അമേരിക്കൻ മോട്ടിവേഷനൽ പ്രാസംഗികന്‍ ഡോ.സ്റ്റീവ് മരാബോളിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് കോടതി ജാമ്യ ഉത്തരവ് ആരംഭിച്ചിരിക്കുന്നത്.
‘‘ബോഡിഷെയ്മിങ് ഒരു വിധത്തിലും സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. തടിച്ചത്, മെലിഞ്ഞത്, െപാക്കം കുറഞ്ഞത്, പൊക്കം കൂടിയത്, കറുത്തത് തുടങ്ങി ഒരാളുടെ ശരീരത്തെക്കുറിചച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കണം. നമ്മുടെ ശരീരം മാറും, മനസ്സ് മാറും, ഹൃദയം മാറും. ഇത് ജീവിതമാണ്. സ്ത്രീയോ പുരുഷനോ ആവട്ടെ, മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണം.’’– കോടതി പറഞ്ഞു.
പി.ചിദംബരം, മനീഷ സിസോദിയ കേസുകളിലെ സുപ്രീം കോടതി വിധികൾ ഉള്‍പ്പെടെ ഉദ്ധരിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ നിബന്ധനകളും ജാമ്യവ്യവസ്ഥയായി ഉൾപ്പെടുത്തിയിട്ടുണ്ട്.