loginkerala entertainment ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവുംആരംഭിച്ചു
entertainment

ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവുംആരംഭിച്ചു

കൊച്ചി. സിനിമാ നിര്‍മ്മാണം, വിതരണം, ഒ. ടി. ടി. ചാനല്‍ എന്നിവ ലക്ഷ്യമാക്കി ആരംഭിക്കുന്ന ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങ് എറണാകുളം ഡോണ്‍ ബോസ്‌കോ ഇമേജ് ഹാളില്‍ നടന്നു. ഗ്ലോബല്‍ മലയാളം സിനിമ ‘നിര്‍മ്മിക്കുന്ന ആദ്യ രണ്ട് മലയാള സിനിമകളുടെ ടൈറ്റിലും റീലീസ് ചെയ്തു.
ഓസ്ട്രേലിയയിലും കേരളത്തിലും ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവും ഗ്ലോബല്‍ മലയാളം സിനിമ ചെയര്‍മാനുമായ ജോയ് കെ.മാത്യുവിന്റെ അധ്യക്ഷതയില്‍ ഗ്ലോബല്‍ മലയാളം സിനിമ കമ്പനിയുടെ ഉദ്ഘാടനം ജസ്റ്റിസ് ബി. കമാല്‍ പാഷ നിര്‍വഹിച്ചു. ഗ്ലോബല്‍ മലയാളം സിനിമയുടെ ടൈറ്റില്‍ ലോഗോ ഏഷ്യാനെറ്റ് പ്രോഗ്രാംസ് വൈസ് പ്രസിഡന്റ് ബൈജു മേലില റിലീസ് ചെയ്തു. ഗ്ലോബല്‍ മലയാളം സിനിമ നിര്‍മ്മിക്കുന്ന ആദ്യ രണ്ട് മലയാള സിനിമകളിൽ ഒന്നായ ‘ഡെഡിക്കേഷൻ ‘ സിനിമയുടെ ടൈറ്റില്‍ പോസ്റ്റർ ചലച്ചിത്ര താരം മെറീന മൈക്കിളും രണ്ടാമത്തെ ചിത്രമായ ‘എയ്ഞ്ചൽസ് & ഡെവിൾസ് ‘ചലച്ചിത്ര താരം മാലപാർവതിയും പ്രകാശനം ചെയ്തു. ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ടൈറ്റില്‍ റിലീസ് കവിയും തിരക്കഥാകൃത്തും ജീവന്‍ ടി. വി.ചീഫ് ന്യൂസ് എഡിറ്ററുമായ ബാബു വെളപ്പായ നിർവഹിച്ചു.

ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ സ്വിച്ച് ഓണ്‍ എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍. ഗോപകുമാറും ഫസ്റ്റ് ക്ലാപ്പ്
ചലച്ചിത്ര നടനും സംവിധായകനും ഫെഫ്ക വൈസ് പ്രസിഡന്റുമായ സോഹന്‍ സീനുലാലും നിര്‍വഹിച്ചു.
സോപാന സംഗീതഞ്ജൻ ഞരളത്ത് ഹരിഗോവിന്ദൻ, കലാ സംവിധായകൻ രാജീവ്‌ കോവിലകം, ചലച്ചിത്ര നടിമാരായ ബിന്ദു അനിഷ്,ജാനകി, നടൻ നിസാർ മാമുക്കോയ, സീനിയര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും എ.ച്ച്.ആര്‍. പ്രൊഫഷണലും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായ ഡോ. ഗീതാ ജേക്കബ്, അന്താരാഷ്ട്ര ചിത്രകാരിയും ബിന്ദി ആര്‍ട്ട് ഗാലറി ഇന്ത്യയുടെ സി.ഇ. ഒ. യുമായ ബിന്ദി രാജഗോപാല്‍, കഥാകൃത്തും റേഡിയോ ജോക്കിയുമായ ശാന്തില എസ്. കുമാര്‍, സാമൂഹ്യ പ്രവർത്തകരായ രാജു പള്ളിപ്പറമ്പിൽഉത്തമ കുറുപ്പ്, ജോസഫ് മാരാരിക്കുളം, പാരഡെയ്സ് ഡോക്യുമെന്ററിയുടെ മുഖ്യ ഛായാഗ്രാഹകരായ സിദ്ധാർത്ഥൻ, സാലി മൊയ്തീൻ, നടനും അസോസിയേറ്റ് ക്യാമറമാനുമായ ഫ്രോളിൻഎന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.

കേരളത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കാനായി ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ മെഗാ ഡോക്യുമെന്ററി സീരീസിന്റെ ചിത്രീകരണത്തിനാണ് തുടക്കം കുറിച്ചത്. ലോകചരിത്രത്തില്‍ ഇതാദ്യമായാണ് മെഗാ ഡോക്യുമെന്‌ററി പരമ്പര. അപൂര്‍വതകള്‍ നിറഞ്ഞ ‘പാരഡെയ്സ്’ എന്ന മെഗാ ഡോക്യുമെന്ററിയിലൂടെ കൊച്ചു കേരളത്തിന് സ്വന്തമാകുന്ന ബഹുമതികള്‍ ഏറെയാണ്. ഒരു രാജ്യത്തിലെ ഒരു സംസ്ഥാനത്തെ പൂര്‍ണമായും ചിത്രീകരിക്കുന്ന, ലോകത്തില്‍ ഏറ്റവും കൂടുതല്‍ സാങ്കേതിക വിദഗ്ദരുടെ പങ്കാളിത്തത്തില്‍ ചിത്രീകരിക്കുന്ന,, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള, ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയിലൂടെ കേരളത്തെ ലോകത്തിന്റെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം. സിദ്ധാര്‍ത്ഥന്‍, രാഗേഷ് നാരായണന്‍,സാലി മൊയ്ദീന്‍, രാജേഷ് അഞ്ജുമൂര്‍ത്തി,ആദം കെ. അന്തോണി എന്നിവരാണ് ഡോക്യുമെന്ററിയുടെ മുഖ്യ ഛായാഗ്രഹകര്‍

വിദേശീയരെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും യുവജനങ്ങളില്‍ സാംസ്‌കാരിക പാരമ്പര്യത്തെയും പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ച് സാമൂഹിക അവബോധവും ചരിത്രപഠനാഭിരുചിയും വളര്‍ത്താനും ലക്ഷ്യമിട്ടാണ് മെഗാ ഡോക്യുമെന്ററി നിര്‍മിക്കുന്നത്. അയ്യായിരത്തോളം കലാകാരന്മാര്‍ക്ക് അഭിനയം മുതല്‍ സംവിധാനം, ക്യാമറ, കഥാരചന, ഗാനരചന, സംഗീതം, ആലാപനം തുടങ്ങി വിവിധ മേഖലകളില്‍ ഡോക്യുമെന്ററി അവസരമൊരുക്കുന്നുണ്ട്. കേരളത്തിലെ പഞ്ചായത്തുകള്‍, കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ കലാ, സാംസ്‌കാരിക, സാമൂഹിക, വിനോദ, കായിക, ആരോഗ്യം ഉള്‍പ്പെടെ സമസ്ത മേഖലകളും ഉള്‍പ്പെടുത്തി കൊണ്ടുളള നേര്‍ക്കാഴ്ചയാണ് ഡോക്യുമെന്ററിയുടെ വിഷയം.

Exit mobile version