തിരുവനന്തപുരം: കടുത്ത ചൂടിന്റെ ആഘാതം നേരിടുന്ന കേരളം കൂള്‍ റൂഫ് നയം കൊണ്ടുവരാന്‍ ഒരുങ്ങുന്നു. ഇതോടെ തെലങ്കാനയ്ക്ക് ശേഷം കൂള്‍ റൂഫ് നയം അവതരിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറും. ഇന്‍ഡോര്‍ കൂളിങ് പ്രോത്സാഹിപ്പിക്കുകയും ഫലപ്രദമായ ചൂട് ലഘൂകരിക്കാനുള്ള പരിഹാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മറ്റ് ഏജന്‍സികളെയും ശാക്തീകരിക്കുന്ന നയമാണിത്.
2023ലാണ് തെലങ്കാന കൂള്‍ റൂഫ് നയം അവതരിപ്പിച്ചത്. ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍, വാണിജ്യ, റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് കൂള്‍ റൂഫുകള്‍ നിര്‍ബന്ധമാക്കുന്നതാണ് നയം.
കൂള്‍ റൂഫ് നയത്തിന്റെ കരട് പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും ജൂണ്‍ മാസത്തോടെ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും എനര്‍ജി മാനേജ്മെന്റ് സെന്റര്‍ (ഇഎംസി) ഡയറക്ടര്‍ ആര്‍ ഹരികുമാര്‍ പറഞ്ഞു. കൂള്‍ റൂഫിങ് പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, കെട്ടിടങ്ങള്‍ക്കുള്ളില്‍ ചൂട് കുറയ്ക്കുന്നതിനു ഉയര്‍ന്ന സോളാര്‍ റിഫ്‌ലക്റ്റീവ് ഇന്‍ഡക്‌സ് (എസ്ആര്‍ഐ) ഉള്ള വെളുത്ത മേല്‍ക്കൂര പെയിന്റിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഇഎംസി ഈ വര്‍ഷം ‘കുളിര്‍മ’ എന്ന പേരില്‍ കാംപെയ്ന്‍ അരംഭിച്ചു.
