loginkerala Business ഓഹരികളും മ്യൂച്ച്വല്‍ ഫണ്ടുകളും ഈടായി നല്‍കിയാല്‍ വായ്പ ലഭ്യമാക്കുന്ന സേവനവുമായി ജിയോഫിന്‍
Business

ഓഹരികളും മ്യൂച്ച്വല്‍ ഫണ്ടുകളും ഈടായി നല്‍കിയാല്‍ വായ്പ ലഭ്യമാക്കുന്ന സേവനവുമായി ജിയോഫിന്‍

വെറും പത്ത് മിനിറ്റിനുള്ളില്‍ ഡിജിറ്റലായി വായ്പ ലഭ്യമാകും

ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ബാങ്ക് ഇതര ധനകാര്യ സേവന (എന്‍ബിഎഫ്‌സി) വിഭാഗമായ ജിയോഫിന്‍ ഓഹരി അധിഷ്ഠിത വായ്പ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചു. 9.99 ശതമാനം പലിശ നിരക്ക് മുതല്‍, ഓഹരികള്‍ ഈടായി നല്‍കിയാല്‍ പൂര്‍ണമായും ഡിജിറ്റല്‍ വായ്പ ജിയോഫിന്നില്‍ നിന്ന് ലഭ്യമാകും.

വളരെ സുരക്ഷിതമായ വായ്പാ സേവനമാണ് ലോണ്‍ എഗെയ്ന്‍സ്റ്റ് സെക്യൂരിറ്റീസ് (എല്‍എഎല്‍) എന്ന് ജിയോഫിന്‍ വ്യക്തമാക്കി. ഓഹരികള്‍, മ്യൂച്ച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയിലധിഷ്ഠിതമായാണ് വളരെ മികച്ച പലിശ നിരക്കില്‍ ലോണുകള്‍ ലഭ്യമാകുക. വെറും പത്ത് മിനിറ്റിനുള്ളില്‍ പൂര്‍ണമായും ഡിജിറ്റല്‍ പ്രക്രിയയിലൂടെ വായ്പ ഉപഭോക്താവിന് ലഭിക്കും.

ഓഹരികള്‍ വില്‍ക്കാതെ തന്നെ അതുപയോഗപ്പെടുത്തി വായ്പ നേടാമെന്നതാണ് ഡിജിറ്റല്‍ ഫൈനാന്‍ഷ്യല്‍ സേവനങ്ങളുടെ വണ്‍സ്റ്റോപ്പ് സൊലൂഷനായ ജിയോഫിന്നിലൂടെ ഉപഭോക്താക്കള്‍ക്ക് സാധ്യമാകുന്നത്.

ഒരു കോടി രൂപ വരെയുള്ള വായ്പകള്‍ ഇതിലൂടെ ലഭിക്കും. ഓരോ വ്യക്തിയുടെയും റിസ്‌ക് പ്രൊഫൈലിന് അനുസരിച്ചാകും ലോണുകള്‍ ലഭിക്കുക. പരമാവധി മൂന്ന് വര്‍ഷമാകും വായ്പയുടെ കാലാവധി. അതേസമയം ഫോര്‍ക്ലോഷര്‍ ചാര്‍ജുകള്‍ ഒന്നും തന്നെയില്ല.

ഉപഭോക്താക്കള്‍ സാമ്പത്തിക സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതും അവയുമായി ഇടപഴകുന്നതുമായ രീതികളില്‍ വലിയ പരിവര്‍ത്തനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഞങ്ങളുടെ സമഗ്ര ഡിജിറ്റല്‍ സ്ട്രാറ്റജിയുടെ ഭാഗമാണ് എല്‍എഎസ്. ഇന്നവേഷനിലും ഉപയോക്തൃ അനുഭവത്തിലും കാര്യമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സാമ്പത്തിക സേവനങ്ങള്‍ കൂടുതല്‍ ജനകീയവും കാര്യക്ഷമവും ഉപഭോക്തൃ കേന്ദ്രീകൃതവുമാക്കുക എന്ന ഞങ്ങളുടെ ദൗത്യത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ സംരംഭം–ജിയോ ഫിനാന്‍സ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ കുസാല്‍ റോയ് പറഞ്ഞു.

ഭവനവായ്പകള്‍, പ്രോപ്പര്‍ട്ടി വായ്പകള്‍, കോര്‍പ്പറേറ്റ് ഫൈനാന്‍സിംഗ് തുടങ്ങി വൈവിധ്യമായ നിരവധി വായ്പാ സേവനങ്ങള്‍ ജിയോഫിനാന്‍സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. യുപിഐ പേമെന്റുകള്‍, മണി ട്രാന്‍സ്ഫര്‍, സേവിംഗ്‌സ് അക്കൗണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ് പോര്‍ട്ട്‌ഫോളിയോ ട്രാക്കിംഗ് തുടങ്ങിയ സേവനങ്ങളും ജിയോഫിനാന്‍സ് ആപ്പ് പ്രദാനം ചെയ്യുന്നു.

Exit mobile version