ബംഗളൂരൂ: ഇൻഫോസിസിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. മൈസൂരൂ ട്രെയിനിങ് ക്യാമ്പസിൽ നിന്ന് 240 എൻട്രി ലെവൽ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇന്ന് രാവിലെയാണ് ജീവനക്കാർക്ക് ടെർമിനേഷൻ ഇ-മെയിൽ ലഭിച്ചത്. പിരിച്ചുവിടുന്നവർക്ക് താത്കാലിക ആശ്വാസം നൽകുമെന്ന് ഇൻഫോസിസ് ഇ-മെയിലിൽ അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരിയിൽ 400ഓളം ട്രെയിനികെളെ സമാനരീതിയിൽ കമ്പനി പിരിച്ചുവിട്ടിരുന്നു. നേരത്തെ പിരിച്ചുവിട്ടവർക്ക് താത്കാലിക ആശ്വാസം നൽകിയിരുന്നില്ല. ഇത് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചിരുന്നു. ഇത്തരം പ്രതിഷേധങ്ങൾ ഒഴിവാക്കാനായാണ് കമ്പനിയുടെ താത്കാലിക ആശ്വാസ വാഗ്ദാനമെന്നാണ് നിഗമനം. നേരത്തെ നോട്ടീസ് നൽകാതെ പിരിച്ചുവിടുന്നത് നിയമവിരുദ്ധമാണെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. നിരവധി ഐടി യൂണിയനുകളാണ് കമ്പനിയുടെ അടിയന്തര നടപടിക്കെതിരെ പ്രതിഷേധം അറിയിച്ചത്.
‘ജനറിക് ഫൗണ്ടേഷൻ പരിശീലന പരിപാടി’യിൽ നിങ്ങൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. തൽഫലമായി, അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിലേക്കുള്ള നിങ്ങളുടെ യാത്ര തുടരാൻ നിങ്ങൾക്ക് കഴിയില്ല,” – കമ്പനി എനട്രി ലെവൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഇ മെയിലിൽ അറിയിച്ചു. ഇന്റേണൽ അസസ്‌മെന്റ് ടെസ്റ്റുകളിൽ വിജയിക്കാത്തതിനാൽ പിരിച്ചുവിടുന്നുവെന്നാണ് ഏപ്രിൽ 18 ന് കമ്പനി അയച്ച ഇമെയിലുകളിൽ പറയുന്നത്. 240 പേർക്കാണ് ഇമെയിലുകൾ ലഭിച്ചത്.
Leave feedback about this