World

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: ടെന്റുകളും വാഹനങ്ങളും നീക്കി; ലഡാക്കില്‍ സൈനിക പിന്മാറ്റത്തിന് തുടക്കം, ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു

**ഇന്ത്യ-ചൈന അതിർത്തി തർക്കം: കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണരേഖയിലുണ്ടായിരുന്ന സൈനിക സാന്നിധ്യം കുറയ്ക്കാൻ ഇന്ത്യയും ചൈനയും തുടക്കം കുറിച്ചു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡെപ്‌സാങ്, ഡെംചോക് മേഖലകളിൽ സൈന്യ പിന്മാറ്റം ആരംഭിച്ച സ്ഥിതിയാണിത്. അടുത്തിടെ ഇരുരാജ്യങ്ങളും സൈനിക പിന്മാറ്റത്തിൽ ധാരണയിലെത്തിയതോടെയാണ് ഇത് യാഥാർത്ഥ്യമായത്. അടുത്ത ദിവസം മുഴുവൻ സൈന്യം പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. യുഎസിലെ മാക്‌സർ ടെക്‌നോളജീസ് പുറത്തുവിട്ട ചിത്രങ്ങളിൽ താൽക്കാലിക ഷെൽട്ടറുകൾ നീക്കം ചെയ്യുന്ന കാഴ്‌ചകൾ വ്യക്തമാണ്.

ഒക്ടോബർ 11ന് ഡെസ്പാങിൽ നിന്നും എടുത്ത ചിത്രങ്ങളിൽ നാല് വാഹനങ്ങളും രണ്ട് ടെന്റുകളും കണ്ടിരുന്നു. എന്നാൽ ഏറ്റവും പുതിയ ചിത്രങ്ങളിൽ, ടെന്റുകളും വാഹനങ്ങളും ഇവിടെ നിന്നും മാറ്റിയതായി കാണാം. സേന പിന്മാറ്റം പൂർത്തിയാക്കിയ ശേഷം പട്രോളിംഗ് പുനരാരംഭിക്കാൻ ആണ് തീരുമാനം. 2020 ഏപ്രിൽമുതലുള്ള സംഘർഷങ്ങൾ ഒഴിവാക്കാൻ, മുൻ നിശ്ചിത നിലയിലേക്ക് ഘട്ടം ഘട്ടമായി മടങ്ങുക എന്നതാണ് ഈ പിന്മാറ്റത്തിന്റെ ലക്ഷ്യം. 2020 മെയ് അഞ്ചിന് പാംഗോങ് തടാകത്തിന് സമീപം ചൈനീസ് സൈന്യം കടന്നുകയറിയതോടെ സംഘർഷം ശക്തമായിരുന്നു.

ഡെപ്‌സാങിലെ വൈ ജംഗ്ഷനിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പട്രോളിങ് പോയിന്റുകളിൽ പോകുന്നത് തടഞ്ഞിരുന്നു. ഒക്ടോബർ 9ന് ഡെംചോക്കിൽ നിന്നുള്ള ചിത്രങ്ങളിൽ താൽക്കാലിക ചൈനീസ് സാന്നിധ്യം കാണാമായിരുന്നു, പക്ഷേ പുതിയ ചിത്രങ്ങളിൽ ഇവ നീക്കം ചെയ്തതായി കാണാം. ഡെപ്‌സാങ്, ഡെംചോക്ക് മേഖലകളിൽ നിരീക്ഷണം തുടരുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. സമാധാനകരമായ സഹവർത്തിത്വം നിലനിർ‍ത്താനാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങും കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ച കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇരുവർക്കുമിടയിലെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു. 2019 ഒക്ടോബറിൽ മഹാബലിപുരത്തായിരുന്നു ഇരുവരുടെയും അവസാന ചർച്ച.

2022 സെപ്റ്റംബറിൽ സമാധാന ചർച്ചകൾ ആരംഭിച്ച സമയത്ത്, സൈനിക തലത്തിലുള്ള സംഭാഷണങ്ങൾ ഉണ്ടായി. സൈനിക പിന്മാറ്റത്തെ കുറിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ര ആദ്യമായി സ്ഥിരീകരിക്കുകയും പിന്നീട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഔദ്യോഗികമായി ഉറപ്പുവരുത്തുകയും ചെയ്തു. പുതിയ നയം പ്രകാരം ഇരുരാജ്യങ്ങൾക്കും പട്രോളിംഗ് സാധ്യമാകും. 2020ൽ ഗാൽവാൻ താഴ്വരയിൽ ഉണ്ടായ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം വഷളായിരിക്കുകയാണല്ലോ. അതിർത്തിയിൽ സമാധാനം നിലനിർത്താത്തപക്ഷം ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാവില്ലെന്ന നിലപാട് ഇന്ത്യ നിലനിര്‍ത്തുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video