loginkerala breaking-news അനന്തുകൃഷ്ണനിൽ നിന്ന് പണം പാർട്ടി അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി; വി. ശിവൻ കുട്ടിയുമായുള്ള അടുപ്പം വെളിപ്പെടുത്തി നജീബ് കാന്തപുരവും; അനന്ദുവിന്റെ തട്ടിപ്പ് വിഹിതം പറ്റിയവരിൽ എം.പിമാരും , എം.എൽ.എമാരും; അന്വേഷണം രഹസ്യമാക്കി പൊലീസ്
breaking-news lk-special

അനന്തുകൃഷ്ണനിൽ നിന്ന് പണം പാർട്ടി അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി; വി. ശിവൻ കുട്ടിയുമായുള്ള അടുപ്പം വെളിപ്പെടുത്തി നജീബ് കാന്തപുരവും; അനന്ദുവിന്റെ തട്ടിപ്പ് വിഹിതം പറ്റിയവരിൽ എം.പിമാരും , എം.എൽ.എമാരും; അന്വേഷണം രഹസ്യമാക്കി പൊലീസ്

ഇടുക്കി: പകുതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനില്‍ നിന്നും സിപിഐഎം പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ കോൺ​ഗ്രസ് മാത്രമല്ല സി.പി.എമ്മും പ്രതിരോധത്തിലായി. രണ്ട് എം.എൽ.എമാർക്കും രണ്ട് എം.പിമാർക്കും അടക്കം താൻ പണം നൽകിയിട്ടുണ്ടെന്ന് അനന്തു കൃഷ്ണൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പിന്റെ കൂടുതൽ തെളിവകുകൾ കൂടി അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ടിയാണ് രണ്ടരലക്ഷം രൂപ സിപിഐഎം അക്കൗണ്ടിലേക്ക് അനന്തു കൃഷ്ണന്‍ നല്‍കിയത്. മൂലമറ്റം ഏരിയാ കമ്മിറ്റിക്ക് വേണ്ടിയാണ് പണം നല്‍കിയതെന്നും സി വി വര്‍ഗീസ് വെളിപ്പെടുത്തി. അനന്തു കൃഷ്ണന്റെ ഒരു പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് വിധേയനാകാന്‍ ഭയമില്ലെന്നും സി വി വര്‍ഗീസ് വെളിപ്പെടുത്തുന്നത്. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ നടത്തിയത്.

‘എനിക്ക് സ്വകാര്യ അക്കൗണ്ട് ഇല്ല. പ്രാദേശിക പാര്‍ട്ടി ഘടകങ്ങളെ സഹായിക്കാന്‍ പലപ്പോഴും പലയാളുകളോടും പറഞ്ഞിട്ടുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂലമറ്റം ഏരിയാകമ്മിറ്റി പറഞ്ഞതുനസരിച്ച് ഇയാളുമായി സംസാരിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം 14-ാം തീയതി രണ്ടരലക്ഷം രൂപ സിപിഐഎമ്മിന്റെ അക്കൗണ്ടിലേക്ക് മൂലമറ്റം ഏരിയാകമ്മിറ്റിയുടെ ഭാഗമായി വന്നിട്ടുണ്ട്. ആ പണത്തിന്റെ സ്രോതസ് എന്താണെന്ന് അന്വേഷിച്ചപ്പോള്‍ അനന്തു കൃഷ്ണന്‍ എന്നാണ് പറഞ്ഞത്. അതാണ് സിപിഐഎമ്മിന് ഇയാളുമായിട്ടുള്ള ബന്ധം’, സി വി വര്‍ഗീസ് പറഞ്ഞു. ചോദ്യം ചെയ്യലിന് തയ്യാറാണെന്നും ഭയമില്ലെന്നും സി വി വര്‍ഗീസ് വിശദീകരികരണം. അതേ സമയം വി ശിവൻകുട്ടി അടക്കമുള്ളവരുമായുള്ള അനന്തുകൃഷ്ണന്റെ ബന്ധം എന്താണെന്നും അന്വേഷിച്ചു വരികയാണ്. അനന്തുകൃഷ്ണന്റെ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും സി വി വര്‍ഗീസ് പറഞ്ഞു. വ്യക്തിപരമായി അനന്തുകൃഷ്ണനുമായി ബന്ധമില്ല. ഇടുക്കി ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട പരിപാടിയാണെന്ന് പറഞ്ഞാണ് ക്ഷണിച്ചത്. ആളുകള്‍ സൗജന്യമായി എന്തെങ്കിലും നല്‍കുന്ന പദ്ധതിയാണെങ്കില്‍ അതില്‍ അന്വേഷണം നടത്തണമെന്ന് അപ്പോള്‍ തന്നെ നിര്‍ദേശിച്ചിരുന്നുവെന്നും സി വി വര്‍ഗീസ് വെളിപ്പെടുത്തി.

അതേസമയം തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനുമായി അടുത്ത ബന്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രസംഗിക്കുന്ന വീഡിയോ പുറത്തുവിട്ട് നജീബ് കാന്തപുരം എംഎല്‍എ രം​ഗത്തെത്തുകയും ചെയ്തു. മന്ത്രിയെ വിശ്വസിച്ചാണ് താന്‍ പദ്ധതിയെ വിശ്വസിച്ചതെന്ന് നജീബ് കാന്തപുരം പറയുന്നു. പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. ‘എന്നെ ഈ പരിപാടിക്ക് വിളിച്ചത്, അനന്തുവുമായി നല്ലോണം ബന്ധമുള്ള കക്ഷിയാണ്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറുമായി നല്ല ബന്ധമാണ്. പുതിയ സന്നദ്ധ സംഘടനയെന്ന് പറഞ്ഞാല്‍ പെട്ടെന്ന് പുതിയകാലത്ത് വിശ്വസിക്കാന്‍ പറ്റില്ല. മാധ്യമങ്ങള്‍ അഗ്രസീവാണ്. രാമചന്ദ്രന്‍ സാറും ആനന്ദകുമാര്‍ സാറും നേതൃത്വത്തിലുള്ളതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് അറിയാം’, വി ശിവന്‍കുട്ടി പറഞ്ഞു. 2023 ആഗസ്റ്റ് 27 ന് നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ സംസ്ഥാനതല ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന വീഡിയോ ആണ് നജീബ് കാന്തപുരം പുറത്തുവിട്ടത്. കേസില്‍ ഞങ്ങളാണോ അല്ലെങ്കില്‍ ഞങ്ങളെ ഇതിലേക്ക് നയിച്ച മന്ത്രിയാണോ കുറ്റവാളിയെന്ന് നജീബ് കാന്തപുരം ചോദിക്കുന്നു.

Exit mobile version