സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബിജെപിക്ക് അടിക്കുമേല്‍ തിരിച്ചടിയാവുകയാണ്. മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാന് ബി ജെ പിയിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് പൊട്ടിത്തെറി നടക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത് ബിജെപിക്ക് കൂടുതല്‍ തലവേദനയായി മാറുന്നുമുണ്ട്.
രാജസമന്തില്‍ നിന്നും മുന്‍ ബി ജെ പി മന്ത്രിയും എം എല്‍ എയുമായിരുന്ന കിരണ്‍ മഹേശ്വരിയുടെ മകളായ ദീപ്തി മഹേശ്വരിയെ മത്സരിപ്പിച്ചതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. രാജ്സമന്തയില്‍ പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനത്തെ ഓഫീസിനുള്ളിലെ ഫര്‍ണിച്ചറുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചതായാണ് വിവരം. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ നാല് പ്രവര്‍ത്തകരെ ബിജെപി നേതൃത്വം സസ്പെന്റ് ചെയ്തു. പാര്‍ട്ടി ഓഫീസ് തകര്‍ത്ത അജയ് പ്രജാപത്, ദേവി ലാല്‍ ജടിയ, ഹിമ്മത്ത് കുമാവത്, മുകേഷ് ശര്‍മ എന്നിവരെയാണ് നേതൃത്വം സസ്പെന്റ് ചെയ്തത്.
അതേസമയം രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ചിത്തോര്‍ഗഡ്, ഉദയ്പൂര്‍, ജയ്പൂര്‍, അഗര്‍വാള്‍, കോട്ട, ബുണ്ഡി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി പി ജോഷി അടക്കമുള്ള നേതാക്കളുടെ കോലം കത്തിക്കുകയും പ്രതീകാത്മക ശവഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്തു.
നവംബര്‍ 25 നാണ് രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഒക്ടോബര്‍ 9 നായിരുന്നു ബി ജെ പി 41 പേരടങ്ങുന്ന ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. മതിയായ കൂടിയാലോചനയ്ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നാണ് പാര്‍ട്ടി അധ്യക്ഷന്റെ വിശദീകരണം. അതേസമയം പ്രവര്‍ത്തകരുടെ പ്രതിഷേധം പാര്‍ട്ടിക്ക് വലിയ തലവേദന തീരുന്നുണ്ട്.
അതിനിടെ മധ്യപ്രദേശിലും പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി രൂക്ഷമായിരിക്കുകയാണ്. മധ്യപ്രദേശില്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷത്തുള്ള നേതാക്കള്‍ കൂട്ടത്തോടെ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സിന്ധ്യയ്ക്കൊപ്പമുളള നേതാക്കളില്‍ ഒരാളായ മുന്നലാല്‍ ഗോയലിന്റെ അനുയായികള്‍ സിന്ധ്യയുടെ വസതിക്ക് മുന്നില്‍ വലിയ പ്രതിഷേധം തീര്‍ത്തു. ഒടുവില്‍ സിന്ധ്യ നേരിട്ട് ഉറപ്പ് നല്‍കിയതോടെ മാത്രമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസിലും അമര്‍ഷം പുകയുന്നുണ്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടി ഒബിസി നേതാവ് രാജിവെച്ചിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവ് ദീപ്തി സിങിനായി അനുയായികളായ സ്ത്രീകളാണ് പ്രതിഷേധിച്ചത്. പോസ്റ്ററുകളും ഏന്തിയായിരുന്നു പ്രതിഷേധം. സീറ്റ് നിഷേധിച്ചതില്‍ ദിഗ്വിജയ് സിങിന്റെയും മകന്റെയും കോലം കത്തിച്ചും ഒരു വിഭാഗം പ്രതിഷേധിച്ചു. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോറിലെ വസതിക്ക് മുന്നിലും പ്രതിഷേധം നടക്കുകയുണ്ടായി.
റോഡില്‍ കിടന്ന പ്രതിഷേധിച്ച മുന്നലാല്‍ ഗോയിലിന്റെ അനുയായികളെ അനുനയിപ്പിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാജസ്ഥാനിലെ ബിജെപി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നിലെ റോഡില്‍ ടയര്‍ കത്തിച്ചാണ് സീറ്റ് കിട്ടാത്തതിലുള്ള പ്രതിഷേധം നടന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇനി മാറ്റം വരുത്തില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
എന്നാല്‍ ്തേസമയം തന്നെ പ്രതിഷേധം ഉയര്‍ന്ന മേഖലകളില്‍ വിമതര്‍ സ്ഥാനാര്‍ത്ഥികളാകുമോയെന്നതില്‍ ഇരു പാര്‍ട്ടികള്‍ക്കും ആശങ്കയുണ്ട്.