ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. കേസിന്റെ വിവരങ്ങൾ എംഎൽഎയെ അറിയച്ചതിലും വീഴ്ചയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുവെന്നാണ് വിവരം.
ഡിസംബർ 28 നാണ് എംഎൽഎയുടെ മകൻ കനവ് ഉൾപ്പെടെ 9 പേരെ തകഴിയിൽ നിന്ന് കുട്ടനാട് എകസൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവർക്കെതിരെ കേസും എടുത്തു. എന്നാൽ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് ആപരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെക്കുകയും തുടർന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും എംഎൽഎയുടെയുമടക്കം മൊഴി എടുത്തിരുന്നു.
Leave feedback about this