തിരുവനന്തപുരം: മാർക്കോ ടെലിവിഷൻ ചാനലുകളില്‍ പ്രദർശിപ്പിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്. മാർക്കോ ചാനലുകളില്‍ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടും കേന്ദ്രസർക്കാരിനു കത്ത് അയച്ചിട്ടുണ്ട്. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നല്‍കിയത്. അതിനാലാണ് ഈ നടപടി. മാർക്കോയ്ക്ക് തിയേറ്റർ പ്രദർശനത്തിനു സർട്ടിഫിക്കറ്റ് നല്‍കേണ്ട എന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണമുണ്ട്.
സിനിമയിലെ രംഗങ്ങള്‍ പൂർണമായി മുറിച്ചുമാറ്റിയുള്ള സെൻസറിങ് ഇപ്പോള്‍ നിലവിലില്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച് സർട്ടിഫിക്കറ്റ് നല്‍കുകയാണ് നിലവിലെ രീതി. വയലൻസ് കൂടുതലുള്ള സിനിമകള്‍ കുട്ടികള്‍ കാണാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടത് മാതാപിതാക്കളാണ്. അവർക്കാണ് അക്കാര്യത്തില്‍ പൂർണ ഉത്തരവാദിത്തം. എ സർട്ടിഫിക്കറ്റുള്ള സിനിമ 18 വയസില്‍ താഴെയുള്ളവരെ കാണാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. പരാതി ലഭിച്ചാല്‍ തീയറ്ററില്‍ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാമെന്നും സെൻട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) പ്രാദേശിക ഓഫിസറായ ടി നദീം തുഫൈല്‍ പറഞ്ഞു. അതിനാല്‍ തന്നെ സിനിമയുടെ സർട്ടിഫിക്കറ്റിനെ സംബന്ധിച്ച് മാതാപിതാക്കള്‍ ബോധവാന്മാരായിരിക്കണം എന്നും നദീം കൂട്ടിച്ചേർത്തു. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന രീതിയില്‍ ആഘോഷിക്കപ്പെട്ട ചിത്രമാണ് മാർക്കോ. ചിത്രത്തിലെ എക്സ്ട്രീം വയലൻസ് സീനുകള്‍ മുൻപും വലിയ രീതിയില്‍ വിമർശിക്കപ്പെട്ടിരുന്നു.
Leave feedback about this