loginkerala breaking-news മത വിദ്വേഷ പരാമര്‍ശം; പി.സി ജോർജിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
breaking-news Kerala

മത വിദ്വേഷ പരാമര്‍ശം; പി.സി ജോർജിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി. അബദ്ധങ്ങളോട് അബദ്ധമാണ് പി.സി. ജോർജിനെന്ന് ഹൈകോടതി അഭി​പ്രായപ്പെട്ടു. ഒരു അബദ്ധം പറ്റിയതാണെന്ന് പി സി ജോര്‍ജ് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

പി.സി. ജോര്‍ജിന്റേത് അബദ്ധമല്ല, അബദ്ധങ്ങളോട് അബദ്ധമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. വിവാദ പരാമർശം നടത്തിയ കേസിൽ പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. മറ്റന്നാള്‍ കോടതി വിധി പ്രസ്താവിക്കും. പ്രസംഗമല്ലെന്നും ചാനല്‍ ചര്‍ച്ചക്കിടെ അബദ്ധത്തില്‍ വായില്‍ നിന്നും വീണുപോയ വാക്കാണെന്നും പി.സി. ജോര്‍ജ് കോടതിയെ അറിയിച്ചു.

വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് മുമ്പത്തെ കേസില്‍ പി.സി. ജോര്‍ജിന് ജാമ്യം അനുവദിച്ചപ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ മേലില്‍ പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച് വീണ്ടും പരാമര്‍ശം നടത്തിയല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോഴാണ് അബദ്ധത്തില്‍ പറഞ്ഞതാണെന്ന് പി.സി. ജോര്‍ജ് വിശദീകരിച്ചത്. ആദ്യമായിട്ടല്ല പി.സി. ജോര്‍ജ് ഇത്തരം പരാമര്‍ശം നടത്തുന്നത്.

Exit mobile version