പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ പുലിമുരുകനെ മറികടന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ മലയാള ചിത്രമായി മാറി. ഇതോടെ മോഹൻലാൽ വീണ്ടും തന്റെ ബോക്സ് ഓഫീസ് മികവ് തെളിയിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഹൈപ്പും മോഹൻലാലിന്റെ താര പദവിയും എമ്പുരാന് പ്രേക്ഷക പ്രീതി ഉണ്ടാക്കിയിട്ടുണ്ട്.
എമ്പുരാൻ 86.35 കോടി രൂപയാണ് കേരളത്തിൽ നേടിയത്. പുലിമുരുകന്റെ കേരള കളക്ഷൻ 85 കോടി രൂപയാണ്. 2016ൽ പുറത്തിറങ്ങിയ പുലിമുരുകൻ ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ പ്രവേശിച്ച ആദ്യ മലയാള ചിത്രമായിരുന്നു. എമ്പുരാൻ ഇപ്പോൾ അതിനെ മറികടന്നിരിക്കുന്നു.
89 കോടി രൂപയുമായി ഒന്നാം സ്ഥാനം നേടിയ ‘2018’ ന് പിന്നിലാണ് ഇപ്പോൾ എമ്പുരാൻ. 250 കോടി രൂപ കടന്ന് ലോകത്തിലെ ഏറ്റവും വലിയ മലയാള ചിത്രമായി എമ്പുരാൻ ഇതിനകം മാറിയിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ മൊത്തം നെറ്റ് കളക്ഷന്‍ 104.78 കോടി രൂപയാണ്.