archive lk-special

‘പച്ച മനുഷ്യന്‍’ ഇനിയില്ല! പരിസ്ഥിതിയെ ചേര്‍ത്ത് നിര്‍ത്തിയ ശോഭീന്ദ്രന്‍ മാഷ്

പ്രകൃതിയെ വീടാക്കിയ ഒരു മനുഷ്യന്‍. പ്രൊഫസര്‍ ടി ശോബീന്ദ്രന്‍ മാഷിനെ ഇങ്ങനെ അടയാളപ്പെടുത്താം. പ്രകൃതിയായിരുന്നു അദ്ദേഹത്തിന്റെ പാഠപുസ്തകം. പരിസ്ഥിതിയായിരുന്നു അദ്ദേഹത്തിന്റെ പാഠങ്ങള്‍. പ്രകൃതിയോട് ചേര്‍ന്നതല്ലാതെ, പ്രകൃതിക്കിണങ്ങിയതല്ലാതെ ഒന്നും തന്നെ അദ്ദേഹം ചെയ്തിരുന്നില്ല. പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമണിഞ്ഞ് വസ്ത്രധാരണത്തില്‍ പോലും അദ്ദേഹം പരിസ്ഥിതിയോട് നീതിപുലര്‍ത്തി. ഒടുവില്‍ ഏഴര പതിറ്റാണ്ടോളം പ്രകൃതിക്കൊപ്പം അലിഞ്ഞു നടന്ന ആ പച്ച മനുഷ്യന്‍ ഇന്ന് ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്.

പ്രകൃതിക്കിണങ്ങാത്തതൊന്നും ജീവിതത്തില്‍ പാടില്ലെന്നതിനാല്‍ ശോഭീന്ദ്രന്‍ മാസ്റ്ററുടെ ജീവിതത്തിലെ സകലതിനും നിറം പച്ചയായിരുന്നു. പ്രകൃതിക്ക് തണലാകാന്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ക്കോ പ്രകൃതിദോഷത്തിനെതിരെ നടന്ന സമരങ്ങളില്‍ പങ്കെടുത്തതിനോ കണക്കുണ്ടായിരുന്നില്ല. അധ്യാപകനായിരുന്ന കാലംമുതല്‍ ശോഭീന്ദ്രന്‍ നഗരവാസികള്‍ക്ക് സുപരിചിതനായിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഐക്യം വളര്‍ത്താനായി ‘ക്യാംപസ് റിസര്‍ച്ച് സെന്റര്‍’ സ്ഥാപിച്ച് ഇദ്ദേഹം വിദ്യാര്‍ഥികളെ സജ്ജമാക്കി.

താന്‍ കൂടി അംഗമായ സമൂഹത്തിന്റെ ഐക്യത്തിനായി സിറ്റി റിസര്‍ച്ച് സെന്ററിനു രൂപം നല്‍കിയും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. റോഡിലെ കുണ്ടുംകുഴികളും ഞെളിയന്‍പറമ്പിലെ മാലിന്യവും പൂനൂര്‍ പുഴയെ മലിനമാക്കുന്ന പെട്രോള്‍ ബങ്കുമെല്ലാം ഈ മനുഷ്യ സ്നേഹിയുടെ മനസിനെ വേട്ടയാടി. തനിക്കാകുംവിധം സകല പ്രകൃതി ദ്രോഹങ്ങള്‍ക്കുമെതിരെ ഒറ്റയ്ക്കും കൂട്ടായും ഇദ്ദേഹം പോരാടി.
റോഡോരങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാനും തണ്ണീര്‍ത്തടങ്ങള്‍ സംരംക്ഷിക്കാനും മുന്നില്‍ നിന്നു പൊരുതാന്‍ എന്നും ശോഭീന്ദ്രന്‍ മാഷ് ഉണ്ടായിരുന്നു.

മണ്ണും വെള്ളവും വായുവും മലിനമാക്കപ്പെടുന്നുവെന്നറിയുമ്പോഴേക്കും ശോഭീന്ദ്രന്‍ മാസ്റ്റര്‍ കൊടുങ്കാറ്റായി പറന്നടുക്കുമായിരുന്നു. അധ്യാപകജീവിതത്തിലും അല്ലാതെയുമായി പകര്‍ന്ന പാഠങ്ങളില്‍ ഏറെയും മനുഷ്യനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമായിരുന്നു. ഏറ്റവും വലിയ സമ്പത്ത് ഏതാണെന്ന് കൂടക്കൂടെ ഓര്‍മപ്പെടുത്തിയിട്ടും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുപോലും മടുത്തുപോകുന്ന അവസ്ഥയാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.

വ്യവസായിക വികസനത്തിലൂടെയോ ടൂറിസത്തിലൂടെയോ പണം എത്ര വേണമെങ്കിലും കൂട്ടിയെടുക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, നശിപ്പിച്ചാല്‍ ഒരിക്കലും തിരിച്ചുണ്ടാക്കാന്‍ കഴിയാത്തതാണ് ഭൂമിയുടെ രൂപം. ടൂറിസം വികസനത്തിന്റെ പേരിലാണ് പ്രകൃതി കൊല്ലപ്പെടുന്നത്. കാലാവസ്ഥയുടെ സുസ്ഥിരത മറഞ്ഞുകൊണ്ടിരുന്നിട്ടും അതിനെക്കുറിച്ച് സര്‍ക്കാറുകള്‍ക്ക് വേവലാതികളില്ലാതെ വികസനത്തിനു പിന്നാലെ പായുന്നതില്‍ അദ്ദേഹം തീര്‍ത്തും നിരാശനായിരുന്നു. വീട്ടുകാര്‍ ഉണരില്ല എന്നുറപ്പുള്ള കള്ളന്റെ മാനസികാവസ്ഥയിലാണ് സര്‍ക്കാര്‍. സമൂഹം തെറ്റുചെയ്യുന്നത് തുടരുകയാണെന്നും മാസ്റ്റര്‍ പറഞ്ഞുവെച്ചിരുന്നു. പ്രകൃതിയെ സ്‌നേഹിച്ച്, ഭൂമിയുടെ സുസ്ഥിരത സ്വപ്നം കണ്ട് ജീവിച്ച അപൂര്‍വം മനുഷ്യരിലൊരാളാണ് നമ്മില്‍നിന്ന് വിടപറഞ്ഞത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായിരുന്ന ശോഭീന്ദ്രന്‍ എന്നും പരിസ്ഥിതിയോട് ചേര്‍ന്നായിരുന്നു ജീവിച്ച് വന്നത്. അമ്മ അറിയാന്‍, ഷട്ടര്‍ തുടങ്ങിയ സിനിമകളില്‍ ശോഭീന്ദ്രന്‍ വേഷമിട്ടിട്ടുണ്ട്.

കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും ഒട്ടെറെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തയാളാണ്. വയനാട് ചുരത്തിലെ മഴ നടത്തത്തില്‍ സജീവ സാന്നിധ്യമായിരുന്നു. വനമിത്ര പുരസ്‌കാരം, ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്രാ അവാര്‍ഡ്, സഹയാത്രി പുരസ്‌കാരം, ഒയിസ്‌ക വൃക്ഷസ്നേഹി അവാര്‍ഡ്, ഹരിതബന്ധു അവാര്‍ഡ്, മികച്ച എന്‍എസ്എസ് ഓഫിസര്‍ അവാര്‍ഡ് തുടങ്ങിയ ഒട്ടനേകം അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.