breaking-news Kerala

കരുവാക്കുണ്ടിൽ കടുവയെ കണ്ടെന്ന ദൃശ്യങ്ങൾ വ്യാജം ; യുവാവ് അറസ്റ്റിൽ

കോട്ടയം: ∙ മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് മണിക്കനാംപറമ്പിൽ ജെറിനെയാണ് വനംവകുപ്പിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആർത്തല പ്രദേശത്തുനിന്ന് കഴിഞ്ഞ ശനിയാഴ്ച പകർത്തിയതാണെന്ന രീതിയിലായിരുന്നു ജെറിൻ വിഡിയോ പ്രചരിപ്പിച്ചത്. ഇതോടെ ടാപ്പിങ് തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ വലിയ ആശങ്കയിലായിരുന്നു.

വനത്തോട് ചേർന്ന പ്രദേശമായ ആർത്തലയിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. അതിനാൽതന്നെ വിഡിയോ പ്രചരിച്ചതിന് പിന്നാലെ വനംവകുപ്പ് കടുത്ത ജാഗ്രത പുലർത്തിയിരുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതിനൊപ്പം കടുവയെ പിടികൂടാനായി കൂടു സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനുള്ള നടപടിയുമായി വനംവകുപ്പ് മുന്നോട്ടു പോയിരുന്നു.

എന്നാൽ, പ്രദേശത്ത് കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താൻ കഴിയാതെ വന്നതോടെ ജെറിനെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ വിഡിയോ ശനിയാഴ്ച തന്നെ പകർത്തിയതാണെന്ന നിലപാടിലായിരുന്നു ജെറിൻ. എന്നാൽ ഉന്നത ഉദ്യോഗസ്ഥരെത്തി വിശദമായി ചോദ്യം ചെയ്തതോടെയാണ് മുൻപ് തനിക്ക് ലഭിച്ച വിഡിയോ എഡിറ്റ് ചെയ്താണ് ഇപ്പോഴത്തെ സംഭവമെന്ന നിലയിൽ പ്രചരിപ്പിച്ചതെന്ന് ജെറിൻ സമ്മതിച്ചത്. മണിക്കൂറുകളോളം ഒരു നാടിനെയാകെ മുൾമുനയിൽ നിർത്തിയ ജെറിനെതിരെ സർക്കാർ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുക, നാട്ടിൽ അനാവശ്യ ഭീതിപടർത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വനംവകുപ്പുമായി ചർച്ച ചെയ്ത ശേഷം ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video