lk-special

ശ്രീരാമൻ ചിറ പാടശേഖരത്തിൽ കൃഷിയിറിക്കി; നിർധനരായ രോ​ഗികളുടെ വിശപ്പകറ്റും; വിശ്വാസവും സംസ്കാരവും കൃഷിയും മുറുകെപ്പിടിച്ച നിമിഷം; വൈറലായി കുറിപ്പ്

നാടിന്റെ കാർഷിക പൈതൃകം എന്നും മുറുക്കെ പിടിക്കുന്നവരാണ് മലയാളികൾ. കൃഷിയും കർഷകരും അന്യം നിന്ന് പോകുന്ന കേരളത്തിൽ പാവപ്പെട്ട രോ​ഗികൾക്ക് ഭക്ഷണത്തിനായി ധാന്യങ്ങൾ ശ്രീരാമൻ ചിറയിൽ വിളയും. ഒരുനാട് ഒത്തൊരുമിച്ചപ്പോൾ ഞാറ് നടൽ ആഘോഷമാക്കുകയാണ്. തൃപ്രയാർ ശ്രീരാമൻ ചിറ പാടശേഖര സമിതിയുടെ ഭാഗമായി കൃഷി ചെയ്തുവരുന്ന വ്യവസായിയും ആസാ ​ഗ്രൂപ്പ് ചെയർമാനുമായ സി.പി സാലിഹിന്റെ കുറിപ്പാണ് വൈറലായി മാറുന്നത്. ഒരു എളിയ കർഷകനാണ് എന്ന കുറിപ്പോടോയാണ് ശ്രീരാമൻ ചിറയിലെ ഞാൻുനടീല്‌‍ ഉത്സവത്തിന്റെ വാർത്തയുമായി എത്തുന്നത്. കൃഷി മന്ത്രി വി.എസ് സുനിൽകുമാർ ഞാറുനടീലിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നിർവഹിച്ചു. വിശ്വാസവും സംസ്കാരവും കൃഷിയും ഒത്തുചേരുന്ന നിമിഷമെന്നാണ് അദ്ദേഹം കുറിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

കൃഷിയും വിശ്വാസവും ഒരുപോലെ സംരക്ഷിക്കപ്പെട്ട, ഈ അടുത്തകാലത്ത് മനസ്സിന് ഏറ്റവും സംതൃപ്തി നൽകിയ ഒരു വിഷയത്തെപ്പറ്റി സംസാരിക്കാൻ വന്നതാണിന്ന്. വർഷങ്ങളായി തൃപ്രയാർ ശ്രീരാമൻ ചിറ പാടശേഖര സമിതിയുടെ ഭാഗമായി കൃഷി ചെയ്തുവരുന്ന ഒരു എളിയ കർഷകനാണ് ഞാൻ. കൃഷി ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞ കുറെ കാലങ്ങൾ ആയിട്ടുണ്ട്. ആവശ്യത്തിന് വരുന്ന ധാന്യങ്ങൾ കുറച്ചു മാറ്റിവച്ചതിനുശേഷം കൃഷിചെയ്ത് ലഭിക്കുന്ന നെല്ല് പൂർണ്ണമായും അരിയാക്കി തൃശൂർ മെഡിക്കൽ കോളേജിലെ അന്തേവാസികൾക്ക് ദിവസവും കഞ്ഞി വിതരണത്തിനായി നൽകാനാണ് ഞങ്ങളിത് ഉപയോഗിക്കുന്നത്.

ശ്രീരാമൻ ചിറ പാടശേഖര സമിതിയുമായി ബന്ധപ്പെട്ട കഴിഞ്ഞ 60 വർഷങ്ങളായി നിലനിന്നിരുന്ന ഒരു വിഷയത്തിനാണ് ഇന്നിവിടെ പരിഹാരമായിരിക്കുന്നത്. ഹൈന്ദവ ആചാര പ്രകാരം ഭഗവാൻ ശ്രീരാമന്റെ സേതുബന്ധനവുമായി ബന്ധപ്പെട്ട ശ്രീരാമൻ ചിറയിൽ ഒരു ചിറ നിർമ്മിക്കുക എന്നൊരു വിശ്വാസം നിലനിന്നു പോന്നിരുന്നു. എല്ലാ മതങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്നതിൽ നമുക്ക് ആർക്കും തർക്കമില്ല. അങ്ങനെ ശ്രീരാമൻ ചിറയിൽ ചിറ കെട്ടിക്കഴിഞ്ഞാൽ വിശ്വാസപ്രകാരം പിന്നീട് അത് പൊളിക്കാൻ കഴിയാതെ വരികയും, തുടർന്ന് അവിടെ നിന്ന് വെള്ളം കൃത്യമായി ജലസേചനം നടത്താൻ കഴിയാത്ത സാഹചര്യവും ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ വരെ എത്തിയ നിരവധി തർക്കങ്ങൾ പ്രദേശത്ത് നിലനിന്നിരുന്നു. പലതവണ അധികാരികൾ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം നടത്തുകയും ചെയ്തിരുന്നു.


ഇതിനെ തുടർന്നാണ് പാടശേഖരസമിതിയിലെ സുഹൃത്തുക്കളും നാട്ടുകാരും പ്രശ്നപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് എന്റെ അടുത്തേക്ക് എത്തിയത്. തുടർന്ന് പ്രദേശത്തെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പാടശേഖര സമിതിയുടെയും കർഷകരുടെയും ഒരു യോഗം എന്റെ വസതിയിൽ വിളിച്ചുചേർക്കുകയുണ്ടായി. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയിൽ സ്ഥലത്തെ പ്രധാന കക്ഷി രാഷ്ട്രീയ നേതാക്കളും കർഷകരും പാടശേഖരസമിതി അംഗങ്ങളും പ്രദേശവാസികളും ചേർന്ന് കൂട്ടായ ഒരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
തൃപ്രയാർ തേവർ എന്ന് പറയുന്നത് ഹൈന്ദവ വിശ്വാസത്തിന്റെ മാത്രമല്ല ഞങ്ങളുടെ നാടിന്റെ സംസ്കാരത്തിന്റെ ഒരു ഭാഗം കൂടെയാണ്. അതുകൊണ്ടുതന്നെ വിശ്വാസപ്രകാരം വിശ്വാസത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ചിറ പൊളിച്ചു മാറ്റുക എന്നത് വിശ്വാസികളെ മുറിവേൽപ്പിക്കുന്നതിന് തുല്യമാണ്. ചിറ പൊളിച്ചു മാറ്റി ഒരു പ്രശ്നപരിഹാരത്തിന് ഞങ്ങളാരും തയ്യാറായിരുന്നില്ല.

ഇതിനെ തുടർന്നാണ് രാമൻചിറ പാടശേഖര സമിതിയിലെ പാടത്ത് ചിറ കെട്ടിയതിനു ശേഷം അധികമായി വരുന്ന വെള്ളം കൃഷിക്ക് ദോഷമല്ലാത്ത രീതിയിൽ 30 HP മോട്ടോർ ഉപയോഗപ്പെടുത്തി പുറത്തേക്ക് ഒഴുക്കി കളയുന്നതിനും പെരിങ്ങോട്ടുകര പാടശേഖര സമിതിക്ക് കൃഷിക്ക് ആവശ്യമായ വെള്ളം നൽകുന്നതിനും തീരുമാനമായത്. യോഗത്തിൽ സംബന്ധിച്ച എല്ലാ രാഷ്ട്രീയകക്ഷികളുടെ നേതാക്കന്മാരും പ്രവർത്തകരും പാടശേഖരസമിതി അംഗങ്ങളും കർഷകരും പ്രദേശവാസികളും ഐക്യകണ്ഠേന ഈ തീരുമാനം അംഗീകരിച്ചു.

ഇതിനെ തുടർന്ന് നൂറ്റാണ്ടുകളായി കൃഷി നടന്നുവന്നിരുന്ന ശ്രീരാമൻ ചിറ പാടശേഖര സമിതിയിൽ കഴിഞ്ഞ 60 വർഷത്തിലധികമായി നിലനിന്നിരുന്ന വലിയ ഒരു പ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ്. മാത്രമല്ല വിശ്വാസവും ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. നമ്മുടെ സംസ്കാരവും വിശ്വാസങ്ങളും കൃഷിയും ഒരു നൂലിൽ കോർത്ത മുത്തുകൾ പോലെ ബന്ധപ്പെട്ട് കിടക്കുന്നവയാണ് നമുക്ക് കൃഷിയും വിശ്വാസങ്ങളും ഒരേപോലെ ആവശ്യവുമാണ്.
ഒരു എളിയ കർഷകൻ എന്ന രീതിയിൽ മനസ്സിനും ജീവിതത്തിനും ഇത്രയേറെ സന്തോഷം നൽകിയ ഒരു ഇടപെടൽ ഈ അടുത്തകാലത്തൊന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ല.

ഏകദേശം 20 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന നെൽപ്പാടങ്ങളിൽ നിലവിൽ ഞാൻ കൃഷി ചെയ്തു വരുന്നുണ്ട്. കൃഷി ചെയ്ത് ലഭിക്കുന്ന ധാന്യങ്ങൾ എല്ലാം അതിന്റെ പരിശുദ്ധിയോടെ വേർതിരിച്ചെടുത്ത് ആഹാരത്തിന് ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് സൗജന്യമായി വിതരണം ചെയ്യാനാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കൃഷി ചെയ്തു ഉണ്ടാക്കുന്ന നെല്ലിന്റെ 90% വും മെഡിക്കൽ കോളേജിലെ കഞ്ഞി വിതരണത്തിനും, ആർസിസിയിലെ കാൻസർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണത്തിനുമാണ് നൽകുന്നത്. ആദ്യകാലങ്ങളിൽ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ ഒരു ചെറിയ വിഹിതമാണ് ഇത്തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കായിട്ട് നൽകിവന്നിരുന്നത്. എന്നാൽ പലതവണ നമ്മുടെ മെഡിക്കൽ കോളേജുകളും ആർസിസിയും സന്ദർശിക്കേണ്ടി വന്ന അവസരത്തിൽ അവിടെയുള്ള സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങളും ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ ബുദ്ധിമുട്ടുന്നതും കണ്ടപ്പോൾ കൂടുതൽ ശ്രദ്ധ അവിടേക്ക് തന്നെ ചെലുത്തണമെന്ന് തോന്നി. അതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്..

https://www.facebook.com/salih.cp.94

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video