തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് വീണ്ടും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവ് എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുകയാണെന്നും വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേത്. എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളിലൂന്നി രാജ്യംമുഴുവൻ പ്രചരണം നടത്തുന്ന ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെയും പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെയും അറിവോടെയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാക്കണം. ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങൾക്ക് അധികാരത്തിൽ അർഹമായ നീതി ഉറപ്പാക്കുമെന്നു പറഞ്ഞു പ്രചാരണം നടത്തിയ രാഹുൽ ഗാന്ധിയെ സതീശൻ വെല്ലുവിളിക്കുകല്ലേ ഇതിലൂടെ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
