breaking-news

വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ; പ്രാഥമിക കണ്ടെത്തലുകൾ ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രം

പാലക്കാട്: ലൈംഗികാതിക്രമത്തിന് ഇരയായ വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ. മരണത്തിന്റെ സ്വഭാവമനുസരിച്ച് ആത്മഹത്യയാകാനാണ് സാധ്യതയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ആത്മഹത്യയാണെന്ന് സിബിഐ വ്യക്തമാക്കുന്നത്. ദേശീയ മാധ്യമമായ ഹിന്ദുവാണ് കുറ്റപത്രത്തെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കൊലപാതകത്തിന് ശേഷം കുട്ടികളെ കെട്ടിത്തൂക്കിയതാണെന്നുള്ള സാധ്യത യുക്തിസഹമായ മെഡിക്കല്‍ റിപ്പോര്‍ട്ട് തള്ളിക്കളയുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ആത്മഹത്യയാണെന്ന സിബിഐയുടെ കണ്ടെത്തല്‍ നേരത്തെ തന്നെ പാലക്കാടിലെ വിചാരണ കോടതി തള്ളിക്കളഞ്ഞിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ പലതും തൂങ്ങിമരണത്തിന് സമാനമാണെന്ന പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടും സിബിഐ കുറ്റപത്രത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ‘കുറ്റം നടന്ന സ്ഥലം, ഇന്‍ക്വസ്റ്റ് ഫോട്ടോകള്‍, പോസ്റ്റ്‌മോര്‍ട്ടം കണ്ടെത്തലുകള്‍, അനുബന്ധ റിപ്പോര്‍ട്ടുകള്‍, എന്നിവ പരിശോധിച്ച ഫോറന്‍സിക് സര്‍ജൻ്റെ നിഗമനം മരണം തൂങ്ങിമരണവുമായി പൊരുത്തപ്പെടുന്നുവെന്നായിരുന്നു’വെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഇളയകുട്ടിയുടെ മരണത്തില്‍ തൂങ്ങിമരണത്തിൻ്റെ സാധ്യത പൂര്‍ണമായി തള്ളിക്കളയാനാവില്ലെന്നും സിബിഐ പറഞ്ഞു. ഇളയകുട്ടിക്ക് ഒമ്പത് വയസായിരുന്നെങ്കിലും കുട്ടിയെ കണ്ടെത്തിയ രീതിയിലുള്ള തൂങ്ങിമരണം അസാധ്യമായിരുന്നില്ലെന്നും സിബിഐ വ്യക്തമാക്കി. എന്നാല്‍ സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് (മരണത്തിലേയ്ക്ക് നയിച്ച കാരണം കണ്ടെത്താൻ ഒരാളുടെ വ്യക്തിജീവിതത്തെ ശാസ്ത്രീയമായി പരിശോധിക്കുന്ന രീതി ) ചൂണ്ടിക്കാട്ടിയ സിബിഐ മരണരീതി സംബന്ധിച്ച് കൃത്യമായ നിഗമനം ദുഷ്‌കരമാണെന്ന് കൂട്ടിച്ചേര്‍ക്കുന്നു.
‘സങ്കീര്‍ണമായ കുടുംബ പശ്ചാത്തലം, ക്രൂരമായ കുട്ടിക്കാല അനുഭവം, ലൈംഗികാതിക്രമം, കുറ്റവാളികളുടെ അടുത്ത സാന്നിധ്യം, അവരുടെ ഭീഷണി, പ്രാഥമികമായ പിന്തുണയുടെ അഭാവം തുടങ്ങിയ ഘടകങ്ങള്‍ ജീവനൊടുക്കുകാൻ കുട്ടിയെ പ്രേരിപ്പിച്ചേക്കാം’, കുറ്റപത്രത്തില്‍ പറയുന്നു. കുട്ടികളുടെ മാനസികമായി സങ്കീര്‍ണമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ആത്മഹത്യയ്ക്കുള്ള സാഹചര്യം തള്ളിക്കളയാനാകില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിനുള്ള സാധ്യത ഈ കേസിലില്ലെന്ന് ഫോറന്‍സിക് വിദ്ഗദനും വ്യക്തമാക്കിയതായി സിബിഐ പറയുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video