loginkerala entertainment ഹൃദയസ്പർശിയായ കഥപറച്ചിലുകളിലൂടെ ഏറെ മലയാളി ആരാധകരുള്ള യുഎഇയിലെ സമൂഹമാധ്യമ താരവും ഇൻഫ്ലുവൻസറുമായ ഖാലിദ് അൽ അമേറി മലയാള സിനിമയിലേക്കും
entertainment

ഹൃദയസ്പർശിയായ കഥപറച്ചിലുകളിലൂടെ ഏറെ മലയാളി ആരാധകരുള്ള യുഎഇയിലെ സമൂഹമാധ്യമ താരവും ഇൻഫ്ലുവൻസറുമായ ഖാലിദ് അൽ അമേറി മലയാള സിനിമയിലേക്കും

 മമ്മൂട്ടി കമ്പനിയുടെ ‘ദ് റിങ് ഓഫ് റൗഡീസ്’ എന്ന ചിത്രത്തിലൂടെയാണ് ഖാലിദ് മലയാള സിനിമയിലേക്ക് എത്തുന്നത്.

വിവിധ സംസ്കാരങ്ങളെ കോർത്തിണക്കിയുള്ള സംഭാഷണങ്ങളിലൂടെയും ലോകത്തെങ്ങും ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ ഖാലിദ് അൽ അമേറി ജിസിസിയിൽ ഏറ്റവും മികച്ച ആരാധകരുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററാണ്. കേരള സന്ദർശത്തിനിടെയുള്ള വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ‘ചത്ത പച്ച: ദ് റിങ് ഓഫ് റൗഡീസ്’ ൽ ഖാലിദ് അതിഥി വേഷത്തിലാണ് എത്തുന്നത്. റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷിഹാൻ ഷൗക്കത്ത്, റിതേഷ് എസ്. രാമകൃഷ്ണൻ എന്നിവരും മമ്മൂട്ടി കമ്പനിയും ചേർന്നാണ് നിർമ്മാണം.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് തുടങ്ങിയവരാണ് വേഷമിടുന്നത്. റിയലിസ്റ്റിക് ആക്ഷൻ ഡ്രാമയായിരിക്കും ചിത്രം. ബോളിവുഡ് സംഗീതജ്ഞരായ ശങ്കർ-എഹ്സാൻ-ലോയ് ടീമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. മുജീബ് മജീദ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നു. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രാഹകൻ. സിനിമയുടെ വിദേശ തിയറ്റർ റൈറ്റുകൾ ദുബായ് ആസ്ഥാനമായുള്ള പ്രമുഖ ഡിസ്ട്രിബ്യൂട്ടർമാരായ ‘ദ് പ്ലോട്ട് പിക്ചേഴ്സ്’ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി. ഡബ്ല്യുഡബ്ല്യുഇ ശൈലിയിലുള്ള ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കാനായി ഓപൺ കാസ്റ്റിങ് കോളും സംഘടിപ്പിക്കുന്നുണ്ട്.

Exit mobile version