പുതുച്ചേരി : രണ്ടു മന്ത്രിമാർ നിരന്തരം ശല്യം ചെയ്യുന്നെന്ന പരാതിയുമായി വനിതാ എംഎൽഎ. പുതുച്ചേരിയിലെ നിയമസഭാംഗവും എൻആർ കോൺഗ്രസ് നേതാവുമായ എസ്. ചന്ദ്ര പ്രിയങ്കയാണ് സ്വന്തം മുന്നണിയിലെ രണ്ട് മന്ത്രിമാർക്കെതിരെ ഗുരുതര ആരോപണം ഉയർത്തി രംഗത്തെത്തിയിരിക്കുന്നത്. ചന്ദ്ര പ്രിയങ്ക പുറത്തുവിട്ട വീഡിയോയിലാണ് മന്ത്രിമാർക്കെതിരെ ഗുരുതര ആരോപണമുള്ളത്. താൻ നിരീക്ഷണത്തിലാണെന്നും, രാഷ്ട്രീയ കാരണങ്ങളാൽ കേന്ദ്രഭരണ പ്രദേശത്തെ മന്ത്രിയുടെ നിർദ്ദേശപ്രകാരം തന്റെ ഫോൺ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു. പുതുച്ചേരിയിലെ മുൻ ഗതാഗതമന്ത്രി കൂടിയാണ് ചന്ദ്ര പ്രിയങ്ക.
അതേസമയം, തന്നെ ശല്യപ്പെടുത്തുന്ന മന്ത്രിമാരുടെ പേരുവിവരങ്ങൾ ഇവർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ബിജെപിയിൽനിന്നും എൻആർ കോൺഗ്രസിൽനിന്നുമുള്ള മന്ത്രിമാർക്കെതിരേയാണ് പരാതിയെന്നാണ് സൂചന. നിയമസഭാ സ്പീക്കർക്ക് ഇതുസംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. രണ്ടുപേരും നിരന്തരം ശല്യം ചെയ്യുന്നെന്നും എംഎൽഎയായി പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാകുന്നെന്നും പരാതിയിൽ പറയുന്നു. ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നെന്നും അവർ വെളിപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അന്വേഷണത്തിന് നിർദേശം നൽകി.
മുൻ കോൺഗ്രസ് നേതാവ് എസ്. ചന്ദ്രഹാസുവിന്റെ മകളായ ചന്ദ്ര പ്രിയങ്ക എൻആർ കോൺഗ്രസ് ടിക്കറ്റിൽ കാരൈക്കാലിൽനിന്നാണ് നിയമസഭയിലെത്തിയത്. എൻആർ കോൺഗ്രസ്-ബിജെപി സർക്കാരിൽ ഗതാഗത, സാംസ്‌കാരിക മന്ത്രിയായിരുന്ന ഇവർ 2023 ഒക്ടോബറിൽ രാജിവെച്ചു. സ്ത്രീ എന്ന നിലയിലും ജാതീയമായും അവഹേളനങ്ങൾ നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് അവർ പറഞ്ഞത്. രണ്ടുവർഷം കഴിഞ്ഞാണ് അവർ മന്ത്രിമാർക്കെതിരേ ആരോപണവുമായി എത്തുന്നത്.
ചന്ദ്ര പ്രിയങ്കയുടെ പരാതിയിൽ മന്ത്രിമാർക്കെതിരേ എത്രയുംപെട്ടെന്ന് നടപടിയെടുക്കണമെന്ന് പുതുച്ചേരി ഡിഎംകെ മഹിളാവിഭാഗം നേതാവ് ടി. ആർ. ഗായത്രി ശ്രീകാന്ത്, സിപിഐ എംഎൽ മഹിളാ വിഭാഗം പ്രവർത്തക ആർ. വിജയ എന്നിവർ ആവശ്യപ്പെട്ടു. പ്രതിഷേധയോഗവും നടത്തി.
Leave feedback about this