കോട്ടയം : പുതുപ്പള്ളി സാധുവിനെ മുണമുഖത്ത് നിന്ന് രക്ഷപ്പെടുത്തി ആനന്ദ് അംബാനിയുടെ നേതൃത്വത്തിലുള്ള വൻതാര. റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും ചേർന്നു നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി പുനരധിവാസകേന്ദ്രത്തിന്റെ കേരളത്തിലെ ആദ്യത്തെ സൗജന്യ രക്ഷാദൗത്യത്തിലൂടെയാണ് 55 വയസ്സുകാരനായ സാധു രക്ഷപ്പെട്ടത്.ഗുജറാത്തിലെ ‘വനതാര’ വന്യജീവി പുനരധിവാസകേന്ദ്രത്തിലെ ഡോക്ടർമാരുടെ സംഘം പുതുപ്പള്ളിയിലെത്തിയായിരുന്നു ചികിത്സ. വനതാരയുടെ റാപ്പിഡ് റെസ്പോൺസ് സംഘത്തിലെ വെറ്ററിനറി കൺസൽറ്റന്റ് ഡോ. വൈശാഖ് വിശ്വവും സംഘവും സാധുവിന്റെ വയറ്റിൽ 32 കിലോഗ്രാം എരണ്ടക്കെട്ട് കണ്ടെത്തി.

ഒരു മാസമായി തീറ്റയെടുക്കാതെ അതീവ ഗരുതരാവസ്ഥയിലായിരുന്ന ആന തീറ്റെയെടുത്തു തുടങ്ങി. കേരളത്തിലെ തിടമ്പാനകളിൽ പ്രധാനിയായ സാധുവിന്റെ ഉടമ വാകത്താനം പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസ് വനംവകുപ്പ് മുഖേന വനതാരയുമായി ബന്ധപ്പെടുകയായിരുന്നു. 15നു രാത്രി സംഘമെത്തി. പരിശോധനയിൽ എരണ്ടക്കെട്ട് സ്ഥിരീകരിച്ചു. വൻകുടലിൽ പക്ഷാഘാത ലക്ഷണവും കണ്ടെത്തി. നിർജലീകരണം മൂലം ആന ക്ഷീണത്തിലായിരുന്നു. അന്നനാളത്തിൽ നിന്ന് ആമാശയത്തിലേക്കുള്ള കുടലുകളുടെ ചലനം കുറവുമായിരുന്നു.

കൊളോനോസ്കോപ്പിയിൽ നാരുകളുള്ള തീറ്റവസ്തുക്കളുടെ വലിയൊരു പിണ്ഡം വയറ്റിൽ കണ്ടെത്തി. എരണ്ടക്കെട്ടിന്റെ ചെറിയ ഭാഗങ്ങൾ ഡോക്ടർ സ്വമേധയാ നീക്കം ചെയ്‌തു. 9 ദിവസത്തിനു ശേഷം ആന സ്വാഭാവികമായി 32 കിലോഗ്രാം ഭാരമുള്ള, അടിഞ്ഞുകൂടിയ പിണ്ഡം പുറന്തള്ളി. തുടർന്നു വെള്ളം കുടിക്കാൻ തുടങ്ങി. മരുന്നുകളും വൈറ്റമിനുകളും ധാതുക്കളും അടക്കം 490 ലീറ്റർ ദ്രാവകങ്ങളും വേദനസംഹാരികളും നൽകിയാണ് ആനയുടെ ആരോഗ്യം വീണ്ടെടുത്തത്.
Leave feedback about this