loginkerala breaking-news മൂന്ന്‌ വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ ജനുവരിയിൽ
breaking-news Kerala

മൂന്ന്‌ വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ ജനുവരിയിൽ

തിരുവനന്തപുരം: കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മൂന്ന്‌ വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ ജനുവരിയിൽ പ്രവർത്തനസജ്ജമാകും. വ്യവസായ വകുപ്പിന്‌ കീഴിലുള്ള സ്‌റ്റീൽ ഇൻഡസ്‌ട്രിയൽസ്‌ കേരള ലിമിറ്റഡ്‌ ( സിൽക്ക്‌) ചേർത്തല, അഴീക്കൽ എന്നിവിടങ്ങളിലായി രണ്ട്‌ കേന്ദ്രമാണ്‌ തുറക്കുക. കെഎസ്‌ആർടിസിയുടെ കേന്ദ്രം എടപ്പാളിലാണ്‌. സിൽക്ക്‌ നേരിട്ടും കെഎസ്‌ആർടിസി സ്വകാര്യകന്പനിയുമായി ചേർന്നാണ്‌ പ്രവർത്തിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകൾക്കായി ചേർത്തലയിലും എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്‌ എന്നീ ജില്ലകൾക്കായി എടപ്പാളിലും കാസർകോട്‌, കണ്ണൂർ, കോഴിക്കോട്‌, വയനാട്‌ ജില്ലകൾക്കായി അഴീക്കലിലുമാണ്‌ കേന്ദ്രങ്ങൾ.

ഇരുചക്രവാഹനങ്ങൾ മുതൽ ഹെവി വാഹനങ്ങൾ പൊളിക്കാവുന്നതാണ്‌ കേന്ദ്രങ്ങൾ. വർഷം ശരാശരി 8000 അടുത്ത്‌ വാഹനങ്ങൾ പൊളിക്കാൻ കഴിയും. വലിയതോതിലുള്ള വരുമാനമാണ്‌ രണ്ട്‌ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലൂടെ പ്രതീക്ഷിക്കുന്നതെന്ന്‌ സിൽക്ക്‌ ചെയർമാൻ ടി എം മുഹമ്മദ്‌ ഇഖ്‌ബാൽ, എം ഡി എസ്‌ ബിജു എന്നിവർ പറഞ്ഞു. ആവശ്യമെങ്കിൽ കേന്ദ്രങ്ങളുടെ ശേഷി വർധിപ്പിക്കുമെന്നും ഇരുവരും വ്യക്തമാക്കി. 15 വർഷത്തിലധികം കഴിഞ്ഞ 25 ലക്ഷം വാഹനങ്ങൾ കേരളത്തിൽ പൊളിക്കാനുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. 

Exit mobile version