തിരുവനന്തപുരം: ബാർ ലൈസൻസി ഒരുക്കിയ മദ്യസൽക്കാരത്തിൽ പങ്കെടുത്ത മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കോവളത്തെ ഡയമണ്ട് പാലസ് ഹോട്ടലിൽ നടന്ന വിരുന്നിൽ പങ്കെടുത്ത വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ ആശ, അഞ്ജന എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ബാർ ഉടമ സംഘടിപ്പിച്ച മദ്യസൽക്കാരത്തിൽ ഉദ്യോഗസ്ഥർ യൂണിഫോമിൽ പങ്കെടുക്കുകയും വകുപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂവരെയും സസ്‌പെൻഡ് ചെയ്തത്. കഴക്കൂട്ടത്ത് പൊലിസ് ഉദ്യോഗസ്ഥർ പരസ്യമായി മദ്യപിച്ച് സസ്‌പെൻഷനിലായതിന് തൊട്ടുപിന്നാലെയാണ് എക്‌സൈസ് വകുപ്പിലും സമാനമായ അച്ചടക്ക ലംഘനം പുറത്തുവരുന്നത്.
കഴക്കൂട്ടം പൊലിസ് സ്റ്റേഷന് മുന്നിൽ വെച്ച് മദ്യപിച്ച ആറ് പൊലിസുകാരെയും കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ഹോട്ടലുടമയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് നടന്ന വിരുന്നിനിടെയായിരുന്നു പൊലിസുകാരുടെ മദ്യപാനം. സംഭവത്തിൽ ഗ്രേഡ് എസ്.ഐ ബിനു, സി.പി.ഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എം.എസ്, മനോജ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
