വാഷിങ്ടന്‍: ചാര്‍ലി കിര്‍ക്ക് കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി ടെയ്ലര് റോബിന്സണിനെതിരെ (22) ചുമത്തിയിട്ടുള്ളത് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍. കിര്‍ക്കിനെ കൃത്യമായ ആസൂത്രണത്തോടെയാണ് ടെയ്ലര് കൊലപ്പെടുത്തിയത്. കിര്‍ക്കിന്റെ കൊലപാതകം ‘അമേരിക്കയുടെ ദുരന്ത’മാണെന്നും യൂട്ടാ കൗണ്ടി അറ്റോര്‍ണി ജെഫ് ഗ്രേ പറഞ്ഞു.
ആസൂത്രിതമായ കൊലപാതകം, തോക്കിന്റെ ദുരുപയോഗം, തെളിവു നശിപ്പിക്കല്‍, സാക്ഷികളെ സ്വാധീനിക്കല്‍, കുട്ടികള്‍ക്ക് മുന്നില്‍വച്ച് കൊലപാതകം തുടങ്ങി 7 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കിര്‍ക്കിന്റെ കൊലപാതകത്തിനു മുന്‍പ് റോബിന്‍സണ്‍ റൂംമേറ്റും പ്രണയിതാവുമായ ട്രാന്‍സ്ജെന്‍ഡറിന് എഴുതിയ കുറിപ്പും കോടതിയില്‍ ഹാജരാക്കി. ഇത് കൊലപാതക ആസൂത്രണത്തിന്റെ തെളിവായി മാറുകയായിരുന്നു.
‘ചെയ്യുന്ന കാര്യമെന്തായാലും അത് നിര്‍ത്തി കീബോര്‍ഡിന് താഴെ നോക്കൂ’ എന്ന് റോബിന്‍സണ്‍ സുഹൃത്തിന് മെസേജ് അയച്ചിരുന്നു. ‘ചാര്‍ലി കര്‍ക്കിനെ കൊല്ലാനുള്ള അവസരം ഉണ്ട്. ഞാനത് ഉപയോഗിക്കാന്‍ പോകുന്നു’ എന്നായിരുന്നു കുറിപ്പ്. നീ തമാശ പറയുകയല്ലേ എന്ന് കുറിപ്പ് വായിച്ചതിനുശേഷം സുഹൃത്ത് തിരിച്ചു മെസേജ് അയച്ചിട്ടുണ്ട്. ഈ രഹസ്യം മരിക്കുംവരെ സൂക്ഷിക്കാനാകുമെന്നാണ് കരുതിയതെന്നും എന്നാല്‍ നിന്നെയും ഇതിലേക്ക് വലിച്ചിഴച്ചതില്‍ ക്ഷമിക്കണമെന്നും റോബിന്‍സണ്‍ പറയുന്നുണ്ട്.
തനിക്കു പകരം മറ്റേതോ വയസ്സനായ വ്യക്തിയെ പൊലീസ് പിടിച്ചെന്നും തന്റേതു പോലെ വസ്ത്രം ധരിച്ച ആരെയോ ചോദ്യം ചെയ്യുന്നുണ്ടെന്നും റോബിന്‍സണ്‍ പറയുന്നു. എന്തിനാണ് നീയിത് ചെയ്തതെന്ന ചോദ്യത്തിന് അയാളുടെ വെറുപ്പിന്റെ പരമാവധി അനുഭവിച്ചിട്ടുണ്ടെന്നും ചില വെറുപ്പുകള്‍ അനുവദിച്ചു നല്‍കാനാകില്ലെന്നുമാണ് റോബിന്‍സണിന്റെ മറുപടി.
അതിനിടെ ചാര്‍ലി കിര്‍ക്കിന്റെ കൊലയില്‍ ആഹ്ലാദിക്കുന്നവര്‍ അനുഭവിക്കേണ്ടിവരുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് മുന്നറിയിപ്പു നല്കി. ആരെങ്കിലും ചാര്‍ലിയുടെ കൊല ആഘോഷമാക്കുന്നുണ്ടെങ്കില്‍ അവരെ ഒറ്റപ്പെടുത്തണമെന്ന് വാന്‍സ് പറഞ്ഞു. ലിബറല്‍ താല്പര്യക്കാര്ക്ക് വാരിക്കോരി പണം നല്കുന്നവരെയും വെറുതെ വിടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കന്‍ ചരിത്രത്തിലെ ഇരുണ്ട കാലമാണ് വരാന്‍ പോകുന്നതെന്ന് ചാര്‍ലി കിര്‍ക് ഘാതകനെതിരായ പ്രചാരണങ്ങള്‍ സൂചിപ്പിച്ച് വിവിധ കേന്ദ്രങ്ങള്‍ അഭിപ്രായപ്പെട്ടു.
1950കളില്‍ അമേരിക്ക കമ്യൂണിസ്റ്റുകള്‍ക്കെതിരെ നടപ്പാക്കിയ ‘മക്കാര്‍ത്തിയന്‍’ നയങ്ങള്‍ക്ക് സമാനമായ നടപടികളാണിതെന്ന് ‘ഫൗണ്ടേഷന് ഫോര്‍ ഇന്‍ഡിവിജ്വല്‍ റൈറ്റ്സ് ആന്‍ഡ് എക്സ്പ്രഷനി’ലെ ആദം ഗോള്‍ഡ്സ്റ്റൈന്‍ പറഞ്ഞു. ഫേ്ലാറിഡ, ഒക്ലഹോമ, ടെക്സസ് തുടങ്ങി റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളില്‍ ചാര്‍ലിയുടെ കൊലയുമായി ബന്ധപ്പെട്ട് ‘ശരിയല്ലാത്ത’ അഭിപ്രായം പറഞ്ഞെന്ന് വിമര്‍ശനമുയര്‍ന്ന അധ്യാപകര്‍ക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Leave feedback about this