തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നജീബ് കാന്തപുരത്തെ ഉദ്ദേശിച്ച് നടത്തിയ ബോഡി ഷെയ്മിങ് പരാമർശങ്ങൾക്കെതിരെ ഷാഫി പറമ്പിൽ എംപി രംഗത്ത്. പ്രവർത്തിയാണ് പൊക്കമെന്നും എട്ടു മുക്കാലിനു പകരം എട്ടടി ഉയരമുള്ള പദ്ധതികൾ നടത്തുന്ന തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരമെന്നും ഷാഫി പറഞ്ഞു. എന്തിലും പൊളിറ്റിക്കൽ കറക്ട്നെസ്സ് കാണുന്ന ഇടതുപക്ഷ സുഹൃത്തുക്കളെയൊന്നും ഈ വഴിക്ക് കാണുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
‘എട്ടുമുക്കാൽ അട്ടിവെച്ചപോലെ അത്രയും ഉയരമുള്ള ഒരാളാണ് ഇവിടെ ആക്രമിക്കാൻ പുറപ്പെട്ടിരിക്കുന്നത്, സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലാന്ന് കാണുന്നവർക്കറിയാം’- എന്ന പിണറായി വിജയന്റെ പരാമർശമാണ് വിമർശന വിധേയമാകുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകൾ വേദവാക്യം പോലെ വിഴുങ്ങുന്നവരാണ് ഭരണപക്ഷമെന്നും അവർ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചത് കേരളം കണ്ടെന്നും ഷാഫി പറമ്പിൽ പറയുന്നു. ഒരു നവമാധ്യമ പോസ്റ്റിലൂടെയാണ് ഷാഫി പ്രതികരിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടൊപ്പമുള്ള നജീബ് കാന്തപുരത്തിന്റെ ഫോട്ടോയും ഷാഫി പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ബോഡി ഷെയ്മിങ് നടത്തിയെന്ന ആക്ഷേപം പിണറായിക്കെതിരെ ഉയരുന്നത് ഇതാദ്യമാണ്.
പറയുന്ന കാര്യങ്ങളിൽ വ്യക്തതയും സൂക്ഷ്മതയും പുലർത്തുന്ന രാഷ്ട്രീയ നേതാവാണ് പിണറായി എന്നാൽ ചില അവസരങ്ങളിൽ പാർട്ടി നേതാക്കൾക്ക് പോലും ന്യായീകരിക്കാൻ കഴിയാത്ത രൂക്ഷമായ വിമർശനങ്ങളോ പരാമർശങ്ങളോ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് മുമ്പുമുണ്ടായിട്ടുണ്ട്.
Leave feedback about this