breaking-news India

മുന്‍ കേന്ദ്രമന്ത്രി സുരേഷ് കല്‍മാഡി അന്തരിച്ചു

മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി (81) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. പുനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അദ്ദേഹം. നവിപേട്ടില്‍ ഇന്നു വൈകിട്ട് 3.30 ന് സംസ്‌കാരം നടക്കും.

ഇന്ത്യന്‍ വ്യോമസേനയുടെ പൈലറ്റായി ഇന്ത്യ-പാക്ക് യുദ്ധത്തില്‍ രണ്ടുതവണ പങ്കെടുത്തിട്ടുണ്ട് സുരേഷ് കല്‍മാഡി. 1965ല്‍ വ്യോമസേനയില്‍ പൈലറ്റായി ഔദ്യോഗക ജീവിതം ആരംഭിച്ച കല്‍മാഡി 1965, 71 വര്‍ഷങ്ങളിലെ ഇന്ത്യ-പാക്ക് യുദ്ധത്തില്‍ പങ്കെടുത്തു. ഔദ്യോഗിക ജീവിതത്തില്‍ എട്ടു സേനാ മെഡലുകള്‍ കല്‍മാഡിയെ തേടിയെത്തി.

1978ല്‍ മഹാരാഷ്ട്രാ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി രാഷ്ട്രീയ മുഖ്യധാരയിലേക്ക് എത്തി. 1982ല്‍ ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ പുണെയില്‍ നിന്നു ലോക്സഭയിലേക്കും മത്സരിച്ചു ജയിച്ചു. 1995 സെപ്റ്റംബര്‍ 16 മുതല്‍ 1996 ജൂണ്‍ 15 വരെ പി.വി.നരസിംഹറാവു സര്‍ക്കാരില്‍ കേന്ദ്ര റയില്‍വേ സഹമന്ത്രിയായിരുന്നു. പാര്‍ലമെന്റില്‍ റയില്‍വേ ബജറ്റ് അവതരിപ്പിച്ച ഏക സഹമന്ത്രിയെന്ന റെക്കോര്‍ഡും കല്‍മാഡിക്കുണ്ട്.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ), ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്‍, അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയിലെല്ലാം പ്രസിഡന്റായി. 1996ല്‍ ഐഒഎ പ്രസിഡന്റായ കല്‍മാഡി, 2004ലും 2008ലും പദവിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഹൈദരാബാദില്‍ 2003ല്‍ ആദ്യ ആഫ്രോ-ഏഷ്യന്‍ ഗെയിംസ് സംഘടിപ്പിച്ചു.

2008ല്‍ പുണെയില്‍ നടന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ് സംഘാടക സമിതി അധ്യക്ഷനായിരുന്നു. അതില്‍ അഴിമതി ആരോപണം വന്നതോടെ രാഷ്ട്രീയത്തില്‍ നിന്ന് തന്നെ മാറി നില്‍ക്കേണ്ടി വന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video